lസ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി പ്രിയ സഖാവ്, വിശ്രമമില്ലാത്ത പോരാട്ടങ്ങൾ തുടങ്ങിയ ആലപ്പുഴയുടെ മണ്ണിൽ വിഎസിന് ഇന്ന് അന്ത്യവിശ്രമം

വിശ്രമമില്ലാത്ത പോരാട്ടങ്ങൾ തുടങ്ങിയ ആലപ്പുഴയുടെ മണ്ണിൽ വിഎസിന് ഇന്ന് അന്ത്യവിശ്രമം. രാവിലെ 10 മണിയോടെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ചടങ്ങുകളോടെയാണ് വിഎസിൻ്റെ സംസ്‌കാരം.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര 15 മണിക്കൂർ പിന്നിടുമ്പോൾ മറികടക്കാനായത് 90 കിലോമീറ്ററിൽ താഴെ മാത്രമാണ്. കനത്ത മഴയെ അവഗണിച്ചും വിഎസിനെ ഒരുനോക്ക് കാണാൻ സ്ത്രീകളും കുഞ്ഞുങ്ങളും സഖാക്കളും വഴിയോരങ്ങളിൽ കാത്തുനിൽക്കുകയാണ്.
കഴിഞ്ഞദിവസം രാവിലെ 9 മുതല്‍ ആരംഭിച്ച ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം രണ്ടോടെയാണ് അവസാനിച്ചത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നല്‍കിയാണ് വിഎസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്.
വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടി ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ, മന്ത്രിമാരായ പി.പ്രസാദ്, പി.രാജീവ്, വിഎസിന്റെ മകൻ അരുൺകുമാർ തുടങ്ങിയവർ വാഹനത്തിലുണ്ട്.
ആയിരക്കണക്കിനാളുകളാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികുകളിലും കവലകളിലും കാത്തുനിൽക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലേക്ക് 152 കിലോ മീറ്റർ ദൂരം. പക്ഷേ ഒൻപത് മണിക്കൂർ കൊണ്ട് പിന്നിടാനായത് വെറും 41 കിലോമീറ്റർ. വൈകിട്ട് മൂന്നു മണിയോടെ കഴക്കൂട്ടത്ത് എത്തുമെന്നായിരുന്നുകണക്കുകൂട്ടലെങ്കിലും അവിയെത്തിയപ്പോൾ സമയം രാത്രി എട്ട്.
ആൾത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. പലയിടത്തും വികാരഭരിതമായ രംഗങ്ങളുമുണ്ടായി. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം പലരും വിതുമ്പലോടെ മുഷ്ടിചുരുട്ടിയാണ് വിഎസിനു യാത്രാമൊഴിയേകിയത്. പാർട്ടി നിശ്ചയിച്ച സമയക്രമം ആൾത്തിരക്കു മൂലം തുടക്കത്തിൽത്തന്നെ തെറ്റിയിരുന്നു. ആറ്റിങ്ങലിൽ അനിയന്ത്രിതമായ ജനക്കൂട്ടം. അതിനിടെ വീണ്ടും മഴ പെയ്തു. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ പ്രായഭേദമില്ലാതെ വിഎസിന് അന്ത്യാഭ്യവാദ്യമർപ്പിക്കാനെത്തി.