പത്തു വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 4316 ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍. ക്രൈവസ്തവര്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസുകള്‍ എടുക്കില്ല, എടുത്താല്‍ തന്നെ രക്ഷപെടാന്‍ ഉള്ള പഴുതുകള്‍ ഉള്‍പ്പെടുത്തും

കോട്ടയം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സഭാ നേതൃത്വങ്ങളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നു ശക്തമായ പ്രതിഷേധവും വിമര്‍ശനവും ഉയരുന്നു. മോഡി ഭരണത്തിന് കീഴില്‍ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് 4316 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായത്.
2021ന് ശേഷം ക്രൈസ്തവര്‍ക്കെതിരെ ഉള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ് ഉണ്ടായി. 2015ല്‍ 179 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2020 ആയപ്പോഴേയ്ക്കും 324 അതിക്രമങ്ങളായി വര്‍ധിച്ചു. പിന്നീട് ഓരോ വര്‍ഷവും അതിക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരുന്നു. 2021ല്‍ 505, 2022ല്‍ 599,2023ല്‍ 734,2024ല്‍ 834 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്ത അതിക്രമങ്ങള്‍. ഇക്കാലയവളില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് നിരവധി വൈദികരും കന്യാസ്ത്രീകളും ജയിലില്‍ കഴിയുന്നുണ്ട്.
നീതിയുടെ വാതിലുകള്‍ക്കുമുന്നില്‍ മുട്ടിത്തളര്‍ന്ന വന്ദ്യവയോധികനായ വൈദികന്‍ സ്റ്റാന്‍ സ്വാമി മരണപ്പെട്ടിട്ട് ഏറെ നാളായിട്ടില്ല. ജസ്യൂട്ട് ക്രിസ്ത്യന്‍ സഭയിലെ പുരോഹിതനായ സ്വാമിക്ക് 84 വയസ്സായിരുന്നു.
ഭീമ-കൊറെഗാവ് കേസില്‍ 2020 ഒക്ടോബര്‍ എട്ടിനാണ് തമിഴ്നാട്ടുകാരനായ അദ്ദേഹത്തെ യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. ജയിലില്‍ പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ദ്രോഹക്കാവുന്നതിന്റെ പരമാവധി മരണം വരെ ഭരണകൂടും ദ്രോഹിച്ചു.
ഉത്തരോന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ ഒരു ഇരമാത്രമാണ് ഫാ. സ്റ്റാന്‍ സ്വാമി. തീവ്ര ഹൈന്ദവ ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.
കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സിറോ മലബാര്‍ സഭ ഉന്നയിച്ചത്. 'കേരളത്തില്‍ കേക്ക് നോര്‍ത്തില്‍ കൈവിലങ്ങ്' എന്നതാണ് ബിജെപിയുടെ നയമെന്നും ഇത് വിരോധാഭാസമാണെന്നും സിറോമലബാര്‍ സഭ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു.
കന്യാസ്ത്രീമാരുടെ അറസ്റ്റിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും ശക്തമായി പ്രതികരിച്ചു. 'കേരളത്തില്‍ പ്രീണനം, പുറത്ത് പീഡനം' എന്നതാണ് നിലപാടെന്ന് അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ കുറ്റപ്പെടുത്തി. തീവ്രസ്വഭാവമുള്ള സംഘടനകളാണ് ഇതിന് പിന്നിലെന്നും ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കന്യാസ്ത്രീകളുടെ ജയില്‍വാസം നീളുമെന്ന് സൂചന. സര്‍ക്കാരിന്റെ സംരക്ഷണത്തിലുള്ള യുവതികള്‍ കേസില്‍ മൊഴി മാറ്റാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആദ്യ എഫ്.ഐ.ആറില്‍ മനുഷ്യക്കടത്ത് കുറ്റം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മതപരിവര്‍ത്തനക്കുറ്റം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അറസ്റ്റില്‍ പരസ്യമായി സഭ നേതൃത്വംതന്നെ രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലായി.
വരും ദിവസങ്ങളില്‍ വിഷയം കൂടുതല്‍ സജീവമാകുമെന്നതിനാല്‍ കേന്ദ്രം എങ്ങനെ വിഷയം കൈകാര്യം ചെയ്യുമെന്നതാണ് ഇനി അറിയേണ്ടത്.