നൈജീരിയയിൽ 165 വിദ്യാർഥികളും ജീവനക്കാരും ഇപ്പോഴും തടവിൽ തുടരുന്നു; സഹായം അഭ്യർഥിച്ച് സന്യാസിനിമാർ

 
nigeria

ഇപ്പോഴും തടങ്കലിൽ തുടരുന്ന നൈജീരിയയിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളുകളിലെ 165 വിദ്യാർഥികളുടേയും ജീവനക്കാരുടേയും മോചനത്തിനായി, ആഗോള സമൂഹത്തോട് സിസ്റ്റേഴ്സ് ഓഫ് ഔവർ ലേഡി ഓഫ് അപ്പോസ്തൽസ് (ഒഎൽഎ) വീണ്ടും സഹായം അഭ്യർത്ഥിച്ചു.

വത്തിക്കാൻ ന്യൂസുമായി പങ്കിട്ട ഒരു പത്രക്കുറിപ്പിൽ, ഒ എൽ എ സിസ്റ്റേഴ്‌സ് പറയുന്നത് തടവിലാക്കപ്പെട്ടിരിക്കുന്ന കുട്ടികളിൽ ചിലർക്ക്
അഞ്ചു വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നാണ്. ഈ ദാരുണമായ സംഭവം കുടുംബങ്ങളിലും, പ്രാദേശിക സമൂഹത്തിലും ആഴത്തിലുള്ള
വേദനയുണ്ടാക്കിയിട്ടുണ്ട്. നവംബർ 21 ന് പുലർച്ചെയാണ്, ഒരു സായുധ സംഘം സ്കൂൾ ആക്രമിക്കുകയും 265 കുട്ടികളെയും ജീവനക്കാരെയും ബലമായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തത്.

നൈജീരിയയിലെ പാപ്പിരിയിലുള്ള സെന്റ് മേരീസ് കാത്തലിക് പ്രൈമറി, സെക്കൻഡറി സ്കൂളുകള്‍ ‘സിസ്റ്റേഴ്സ് ഓഫ് ഔവർ ലേഡി ഓഫ് അപ്പോസ്തൽസ്’ എന്ന സന്യാസിനി സമൂഹമാണ് നടത്തുന്നത്. കോണ്ടഗോറയിലെ കത്തോലിക്കാ രൂപതയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ.

“ഡിസംബർ 14-ന് നൂറുപേരെ മോചിപ്പിച്ച വാർത്ത ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്: 14 സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, ഒരു സ്റ്റാഫ് അംഗം, 80 പ്രൈമറി സ്കൂൾ കുട്ടികൾ, അഞ്ചു നഴ്സറി സ്കൂൾ കുട്ടികൾ എന്നിവരാണ്‌ അന്ന് മോചിതരായത്. എങ്കിലും, ബാക്കിയുള്ള 165 പേരുടെ സുരക്ഷയെക്കുറിച്ചുള്ള നിരന്തരമായ വേദനയും ആശങ്കയും ഈ സന്തോഷത്തെ ഇല്ലാതാക്കുന്നു:

11 സ്റ്റാഫ് അംഗങ്ങൾ, നഴ്സറി സ്കൂളിൽ നിന്നുള്ള 35 കുട്ടികൾ, പ്രൈമറി സ്കൂളിൽ നിന്നുള്ള 119 കുട്ടികൾ എന്നിവർ ഇപ്പോഴും തടവിൽ കഴിയുകയാണ്. ഈ കുട്ടികൾക്ക് 5 മുതൽ 12/13 വയസ്സ് വരെയാണ് പ്രായം. രാത്രിയിൽ അവരെ അവരുടെ ഡോർമിറ്ററികളിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്, അതിനാൽ അവർക്ക് ശരിയായ വസ്ത്രം പോലും ഉണ്ടായിരുന്നില്ല. അവരെ കാട്ടിൽ അപകടകരമായ സാഹചര്യങ്ങളിൽ പാർപ്പിക്കുന്നു. അവരുടെ കഷ്ടപ്പാടുകൾ എത്ര കാലം സഹിക്കണം?” ഓ എൽ എ സിസ്റ്റേഴ്‌സിന്റെ കോൺഗ്രിഗേഷൻ ജനറൽ സി. മേരി ടി ബാരൺ പറയുന്നു.

“ഈ കുട്ടികളുടെയെല്ലാം സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ അധികാരമുള്ള എല്ലാവരും, ദയവായി അവരെ രക്ഷിക്കാന്‍ ആവശ്യമായത് ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.” അവർ തുടര്‍ന്നു. നൈജീരിയൻ ഗവണ്മെന്റിനോടും രാഷ്ട്രീയ അധികാരവും സ്വാധീനവുമുള്ള എല്ലാവരോടും അവർ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web