മൊസാംബിക്കില്‍ കന്യാസ്ത്രീകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു; തലയറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

വടക്കന്‍ മൊസാംബിക്കിലെ പെംബ രൂപതയില്‍ ‘മേര്‍സിഡിയന്‍ സിസ്റ്റേഴ്സ് ഓഫ് ദി ബ്ലസ്ഡ് സാക്രമെന്റ്’ സന്യാസിനിസഭയുടെ മിഷന്‍ കേന്ദ്രത്തില്‍ അക്രമിസംഘം കൊള്ളയടിച്ചു. 30 ഓളം പെണ്‍കുട്ടികളെ പരിപാലിക്കുന്ന ഇവരുടെ മിഷനിലേക്ക് 18 പുരുഷന്മാര്‍ വടിവാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, തോക്കുകള്‍ എന്നിവയുമായി അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. .ജൂണ്‍ 8 ന് നടന്ന സംഭവം പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡാണ് (എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തത്.
അക്രമികളില്‍ എട്ട് പേര്‍ ഭവനത്തില്‍ പ്രവേശിച്ചപ്പോള്‍, ബാക്കിയുള്ളവര്‍ പ്രവേശന കവാടങ്ങള്‍ കാവല്‍ നില്‍ക്കുകയും സുരക്ഷാ ഗാര്‍ഡുകളെ കീഴടക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
”അവര്‍ ഞങ്ങളുടെ മുറികളില്‍ കയറി പണം ആവശ്യപ്പെടുകയും കണ്ടെത്തിയതെല്ലാം എടുക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ പരിഭ്രാന്തരായി. അവര്‍ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ഞങ്ങളുടെ കൈവശമുണ്ടായിരുന്ന കുറച്ച് പണവും എടുത്തുകൊണ്ടുപോയി,” സിസ്റ്റര്‍ ഒഫീലിയ റോബ്ലെഡോ അല്‍വാരാഡോ പറഞ്ഞു.
തുടര്‍ന്ന് ആക്രമണകാരികള്‍ കന്യാസ്ത്രീകളെ അവരുടെ മിഷന്‍ ചാപ്പലിലേക്ക് കൊണ്ടുപോയി മുട്ടുകുത്താന്‍ ആവശ്യപ്പെട്ടു. ‘അവര്‍ സിസ്റ്റര്‍ എസ്പെരാന്‍സയെ പള്ളിയുടെ മധ്യഭാഗത്ത് മുട്ടുകുത്തിച്ച് ഞങ്ങളുടെ മുന്നില്‍ തലകൊയ്യാന്‍ വാക്കത്തി ഉയര്‍ത്തി,’ സിസ്റ്റര്‍ ഒഫീലിയ ഭീകരമായ നിമിഷങ്ങള്‍ പങ്കുവച്ചു.”സിസ്റ്ററിനെ കൊല്ലരുതെന്ന് ഞാന്‍ അവരോട് അപേക്ഷിച്ചു,
അവര്‍ ഇതിനകം ഞങ്ങളില്‍ നിന്ന് എല്ലാം എടുത്തിരുന്നു, ഞാന്‍ കരുണയ്ക്കായി യാചിച്ചു. അതൊരു ഭയാനകമായ സമയമായിരുന്നു, പക്ഷേ ദൈവത്തിന് നന്ദി, അവര്‍ അവളെ വിട്ടയച്ചു,” സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ദൈവകൃപയാല്‍ സിസ്റ്റേഴ്സിന്റെ സംരക്ഷണയിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്ക് യാതൊരു അപകടവും സംഭവിച്ചില്ലെന്നും എസിഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
17 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇവരുടെ കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്. ‘ഇതുവരെ ആരും ദുരുദ്ദേശ്യത്തോടെ ഞങ്ങളുടെ വീട്ടില്‍ പ്രവേശിച്ചിട്ടില്ല. 2017 ല്‍ ഈ മേഖലയില്‍ ഒരു ”ജിഹാദി ഭീകരതയുടെ തരംഗം” ആരംഭിച്ചതാണ് എല്ലാം മാറ്റിമറിച്ചത്. ഇപ്പോള്‍ കാബോ ഡെല്‍ഗാഡോ പ്രവിശ്യയിലുടനീളം അരക്ഷിതാവസ്ഥയാണ്്,’സിസ്റ്റര്‍ ഒഫീലിയ പറഞ്ഞു.