ഫ്രാന്‍സില്‍ ക്രൈസ്തവ വിശ്വാസം ശക്തിയാര്‍ജിക്കുന്നു; നോട്രെ ഡാം കത്തീഡ്രലില്‍ 16 പേര്‍ പൗരോഹിത്യം സ്വീകരിച്ചു

 
www

 2019 ല്‍ തീപിടുത്തത്തില്‍ നശിപ്പിക്കപ്പെട്ട ചരിത്രപ്രസിദ്ധമായ നോട്രെഡാം കത്തീഡ്രല്‍ പുനഃസ്ഥാപിച്ചശേഷം നടന്ന ആദ്യ പൗരോഹിത്യസ്വീകരണ ചടങ്ങില്‍ 16 വൈദികര്‍ അഭിഷിക്തരായി. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയില്‍ പാരീസ് അതിരൂപതയില്‍ ഇത്രയധികം ആളുകള്‍ ആദ്യമായാണ്  ഒരുമിച്ച് പൗരോഹിത്യം സ്വീകരിക്കുന്നത്. ആറ് പേര്‍ മാത്രം പൗരോഹിത്യം സ്വീകരിച്ച 2024-നെ അപേക്ഷിച്ച് ഗണ്യമായ വര്‍ധനവാണിത്.

ഫ്രാന്‍സിലുടനീളം, 73 രൂപത വൈദികര്‍ ഉള്‍പ്പെടെ 90 പേര്‍ ഈ വര്‍ഷം പൗരോഹിത്യം സ്വീകരിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. ക്രൈസ്തവവിശ്വാസത്തിലേക്കും കത്തോലിക്ക സഭയിലേക്കും ഫ്രാന്‍സ് വീണ്ടും തിരിയുന്നതിന്റെ സൂചനകള്‍ നല്‍കി ഈ വര്‍ഷം ഈസ്റ്ററിന്  10,384 മുതിര്‍ന്ന വ്യക്തികളാണ് കാറ്റെക്കുമെന്‍മാരായി  (ക്രൈസ്തവ വിശ്വാസാര്‍ത്ഥികള്‍) ചേര്‍ന്നിട്ടുള്ളത്. 2024 നെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനവും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയുമാണ് ഇത്.

നോട്രെഡാം കത്തീഡ്രലില്‍ നടന്ന പൗരോഹിത്യസ്വീകരണ ചടങ്ങിന് പാരീസ് ആര്‍ച്ചുബിഷപ് ലോറന്റ് ഉള്‍റിച്ച് കാര്‍മികത്വം വഹിച്ചു. ഏകദേശം 5,000 പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 2,000 പേര്‍ നോട്രെഡാം ദൈവാലയത്തിനുള്ളിലും പുറത്ത് സ്ഥാപിച്ചിരുന്ന വലിയ സ്‌ക്രീനുകളിലൂടെ 3,000 പേരും ചടങ്ങില്‍ പങ്കാളികളായി. 27 നും 42 നും ഇടയില്‍ പ്രായമുള്ള 16 പുതിയ വൈദികര്‍ വ്യത്യസ്ത പ്രഫഷണല്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്. മുന്‍ സൈനിക ഡോക്ടര്‍, ഐടി വിധഗ്ധന്‍,  സ്‌പോര്‍ട്‌സ് പരിശീലകന്‍ എന്നിവര്‍ നവവൈദികരില്‍ ഉള്‍പ്പെടുന്നു. എട്ട് പേര്‍ സന്യാസസമൂഹങ്ങളില്‍ നിന്നുള്ളവരാണ്. അവരില്‍ നാലുപേര്‍ ഇമ്മാനുവല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരാണ്. 1972-ല്‍ പിയറി ഗൗര്‍സാറ്റും മാര്‍ട്ടിന്‍ ലാഫിറ്റ്-കാറ്റയും ചേര്‍ന്ന് സ്ഥാപിച്ച ഫ്രഞ്ച് കത്തോലിക്കാ പൊന്തിഫിക്കല്‍ കൂട്ടായ്മയാണിത്.

Tags

Share this story

From Around the Web