2026 ൽ അസീസിയിൽ വി. ഫ്രാൻസിസിന്റെ ഭൗതികദേഹം 800 വർഷങ്ങൾക്കു ശേഷം പൊതുദർശനത്തിന്

2026 ഫെബ്രുവരി 22 മുതൽ മാർച്ച് 22 വരെ വി. ഫ്രാൻസിസിന്റെ ഭൗതികദേഹം പ്രദർശിപ്പിക്കുമെന്ന് അസീസിയിലെ ഫ്രാൻസിസ്കൻ സമൂഹം പ്രഖ്യാപിച്ചു. എട്ട് നൂറ്റാണ്ടുകൾക്ക് ശേഷം ആദ്യമായിട്ടാണ് വിശുദ്ധന്റെ ഭൗതികാവശിഷ്ടം പൊതുദർശനത്തിന് വയ്ക്കുന്നത്. 800-ാം മരണ വാർഷികത്തോടനുബന്ധിച്ചാണ് വി. ഫ്രാൻസിസ് അസീസിയുടെ ഭൗതികാവശിഷ്ടം തീർഥാടകർക്കും സന്ദർശകർക്കുമായി തുറന്നുകൊടുക്കുന്നതെന്ന് അസീസിയിലെ ഫ്രാൻസിസ്കൻ സമൂഹം പ്രഖ്യാപിച്ചു.
ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ, ഭൗതികാവശിഷ്ടം ശവകുടീരത്തിൽ നിന്ന് ലോവർ ബസിലിക്കയിലെ പേപ്പൽ അൾത്താരയുടെ ചുവട്ടിലേക്ക് മാറ്റും. അപ്പോൾ വിശ്വാസികൾക്ക് അതിനു മുന്നിൽ പ്രാർഥിക്കാൻ സാധിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രദർശനം എല്ലാവർക്കും തുറന്ന പ്രാർഥനയുടെയും കൂടിക്കാഴ്ചയുടെയും ഒരു നിമിഷമായിരിക്കുമെന്ന് സംഘാടകർ പറയുന്നു.
തീർഥാടകർ വലിയ തോതിൽ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അതിനാൽ, സൗജന്യ ഓൺലൈൻ റിസർവേഷനുകൾ ആവശ്യമായി വരും. ഒരു സന്യാസിയുടെ നേതൃത്വത്തിൽ ബസിലിക്കയുടെ ഗൈഡഡ് ഗ്രൂപ്പ് സന്ദർശനങ്ങൾക്കോ വ്യക്തിഗത നിശബ്ദ സന്ദർശനങ്ങൾക്കോ ഉള്ള ഓപ്ഷനുകൾ ഉണ്ടായിരിക്കും. വികലാംഗർക്ക് പ്രത്യേക സൗകര്യങ്ങളോടെയുള്ള പാതയിലൂടെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.