ഇറക്കുമതി തീരുവ കൂട്ടും, എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമാണെന്ന് മോദിക്ക് അറിയാം- ഇന്ത്യക്കെതിരെ ട്രംപ്
വാഷിങ്ടൺ: റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ ഇന്ത്യയുടെ ഇറക്കുമതി തീരുവ ഇനിയും ഉയർത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഞാൻ സന്തോഷവാനല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കറിയാമെന്നും എന്നെ സന്തോഷിപ്പിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് മോദിക്ക് നന്നായി അറിയാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
"മോദി നല്ല മനുഷ്യനാണ്. കാര്യങ്ങൾ പെട്ടെന്ന് മനസിലാകും. ഞാൻ സന്തോഷവാനല്ലെന്ന് മോദിക്കറിയാം. എന്നെ സന്തോഷിപ്പിക്കുക എന്നത് പ്രധാനമാണ്. റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ താരിഫ് കൂട്ടും," ട്രംപ് പറഞ്ഞു.
ആഭ്യന്തര ഊർജ സുരക്ഷയ്ക്ക് റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകൾ അത്യാവശ്യമാണെന്ന് ഇന്ത്യ ന്യായീകരിച്ചിട്ടും, റഷ്യ-ഇന്ത്യ ഊർജ വ്യാപാരത്തെക്കുറിച്ച് യുഎസ് വിമർശനം തുടരുന്നതിനിടയിലാണ് ട്രംപിൻ്റെ ഈ പുതിയ മുന്നറിയിപ്പ്. താരിഫ് സംബന്ധമായ തർക്കം തുടരുന്നുണ്ടെങ്കിലും ഉഭയകക്ഷി വ്യാപാര ബന്ധം തുടരേണ്ടതിൻ്റെ പ്രാധാന്യം ഇരു നേതാക്കളും ഏതാനും ആഴ്ചകൾക്ക് ഫോൺ സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞിരുന്നു.
ദീർഘകാലമായി നിലനിൽക്കുന്ന വ്യാപാര പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ-യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ പുതിയ ചർച്ച പുരോഗമിക്കവെ ആണ് ട്രംപിൻ്റെ ഈ ഭീഷണി വരുന്നത്. 2025ലും ചർച്ചകൾ നടന്നെങ്കിലും യുഎസിലെ ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം വരെ തീരുവ ചുമത്തിയതിനെ തുടർന്ന് തടസങ്ങൾ നേരിട്ടിരുന്നു.