ഞാൻ കുറ്റക്കാരനല്ല, ഇപ്പോഴും വെനസ്വേലയുടെ പ്രസിഡൻ്റ്, യുഎസ് കോടതിയിൽ നിക്കോളാസ് മഡൂറോ
വാഷിങ്ടൺ സിറ്റി:"ഞാൻ നിരപരാധിയാണ്, ഇപ്പോഴും വെനസ്വേലയുടെ പ്രസിഡൻ്റാണ്" എന്ന് നിക്കോളാസ് മഡൂറോ. യുഎസ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു മഡൂറോയുടെ പ്രതികരണം. തടവുകാരൻ്റെ വേഷത്തിൽ കാലുകൾ ചങ്ങലയിൽ ബന്ധിച്ചാണ് മഡൂറോയെ കോടതിയിൽ ഹാജരാക്കിയത്. ബാരി ജോയൽ പൊള്ളാക്കാണ് മഡൂറോയ്ക്ക് വേണ്ടി ഹാജരായത്. കോടതിയിൽ മഡൂറോ ജാമ്യം തേടിയില്ല. അടുത്ത ഹിയറിംഗ് മാർച്ച് 17ന് ആണെന്നും കോടതി അറിയിച്ചു.
ഇന്ത്യന്‍ സമയം, 10.30യോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. മഡൂറോയുടെ കൈവിലങ്ങുകള്‍ നീക്കുകയും പിന്നീട് കാലുകള്‍ ചങ്ങലകൊണ്ട് ബന്ധിക്കുകയും ചെയ്തു. കോടതിയില്‍ സമർപ്പിച്ച 25 പേജുള്ള കുറ്റപത്രത്തില്‍ മയക്കുമരുന്ന് ഭീകരവാദം, മെഷീന്‍ ഗണ്ണുകളടക്കം അനധികൃത ആയുധ സംഭരണം, എന്നിങ്ങനെ ആരോപണങ്ങളാണ് ഉള്ളത്.
കസേരയിലിരുന്ന് വാദം കേട്ട മഡൂറോ നോട്ട്പാഡില്‍ വിവരങ്ങള്‍ കുറിച്ചു. ഒടുവില്‍ തന്‍റെ ഭാഗം കേള്‍ക്കുമ്പോള്‍ ഞാന്‍ കുറ്റക്കാരനല്ല, നിരപരാധിയാണ്, മാന്യനായ ഒരു വ്യക്തിയാണ്, ഇപ്പോഴും എന്‍റെ രാജ്യത്തിന്‍റെ പ്രസിഡന്‍റാണ് എന്ന് മഡൂറോ പറഞ്ഞു.ഈ സമയം, മഡൂറോ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായ നൂറുകണക്കിന് പേർ ന്യൂയോർക്കിലെ കോടതിക്ക് പുറത്ത് പ്രകടനങ്ങളുമായി എത്തിയിരുന്നു.
മഡൂറോയുടെ ഭാര്യ സീലിയ ഫ്ലോറെസും കോടതിയില്‍ നിരപരാധിയാണെന്ന് വാദിച്ചു. യുഎസ് നടപടിക്കിടെ വാരിയെല്ലിനും മുഖത്തും അടക്കം പരിക്കേറ്റ സീലിയ്ക്ക് ചികിത്സ ആവശ്യമാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മഡൂറോയ്ക്ക് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ബാരി ജോയൽ പൊള്ളാക്ക് ആണ് കോടതിയില്‍ ഹാജരായത്. മുന്‍പ് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് പൊള്ളാക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്.