ഞങ്ങളായിരുന്നു മുഖ്യമന്ത്രിയെങ്കിൽ നാളെ (13.10.2025) ഇറങ്ങുമായിരുന്ന ഗവൺമെൻ്റ് ഓർഡർ
 

 
eeee

ഞങ്ങളായിരുന്നു മുഖ്യമന്ത്രിയെങ്കിൽ നാളെ (13.10.2025) ഇറങ്ങുമായിരുന്ന ഗവൺമെൻ്റ് ഓർഡർ

സ്റ്റാലിൻ ദേവൻ & ഫാ. ജോഷി മയ്യാറ്റിൽ

പൗരന്മാരുടെ ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരായ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിലവിലുണ്ടായിരുന്ന വഖഫ് നിയമത്തിൻ്റെ വെളിച്ചത്തിൽ വഖഫ് ബോർഡിന് ഉണ്ടായിരുന്ന പരമാധികാരത്തിൻ്റെ വെളിച്ചത്തിലാണ് 2022 ജനുവരി 13-ാം തീയതി വഖഫ് ബോർഡ് CEO റവന്യൂ ഡിപ്പാർട്ട്മെൻ്റിന് അയച്ച ഉത്തരവ് ശിരസ്സാ വഹിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ തയ്യാറായത്.

ഇതാണ് റവന്യൂ രേഖകളിൽ മുനമ്പം ഭൂമിയുടെ ഉടമസ്ഥാവകാശം വഖഫ് ബോർഡിൻ്റേതാക്കി മാറ്റാൻ സർക്കാർ നിർബന്ധിതമായ സാഹചര്യം. 

എങ്കിലും മുനമ്പംകാരുടെ അഭ്യർത്ഥന മാനിച്ച്, വഖഫ് ബോർഡിൻ്റെ ഭൂമിയിൽ കരമടക്കാൻ മാത്രമുള്ള  അനുവാദം ഞങ്ങൾ അവർക്കു നല്കി. എന്നാൽ അത് ഡിവിഷൻ ബഞ്ച് റദ്ദു ചെയ്തു.

തുടർന്ന് അന്തിമ തീരുമാനമെടുക്കാൻ സിംഗിൾ ബഞ്ചിനോട് നിർദ്ദേശിച്ചു. അതിപ്പോഴും പരിഗണനയിലാണ് എന്ന കാര്യം ഞങ്ങൾ മറക്കുന്നില്ല.

നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച് മുനമ്പം ഭൂമിയിൽ നിന്ന് 610 കുടുംബങ്ങൾ കുടിയിറങ്ങേണ്ടി വരുമെന്ന ദയനീയാവസ്ഥ ബോധ്യപ്പെട്ടപ്പോൾ ഞങ്ങൾ പ്രശ്നപരിഹാരത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. മുനമ്പം ജനതയെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ തേടുക എന്നതു മാത്രമായിരുന്നു അതിലൂടെ ഞങ്ങൾ ലക്ഷ്യമിട്ടത്.

അതിനാലാണ് മുനമ്പം ഭൂമി വഖഫായി കോടതി പ്രഖ്യാപിക്കുന്ന അവസരത്തിൽ മാത്രമേ കമ്മീഷൻ റിപ്പോർട്ടു നടപ്പിലാക്കാനാകൂ എന്ന് ജസ്റ്റിസ് രാമചന്ദ്രൻ പലവട്ടം തെളിച്ചു പറഞ്ഞത്.

കമ്മീഷനെതിരേ വഖഫ് സംരക്ഷണവേദിയും വഖഫ് ബോർഡും ഹൈക്കോടതിയിൽ നിരത്തിയ വാദങ്ങളുടെ വെളിച്ചത്തിൽ കമ്മീഷനെ റദ്ദു ചെയ്യാൻ സിംഗിൾ ബഞ്ച് വിധി ഉണ്ടായപ്പോൾ അതിനെതിരേ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നല്കാൻ എടുത്ത തീരുമാനത്തിൽ സർക്കാരിന് അഭിമാനമുണ്ട്.

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടി; ഒപ്പം,  ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായ വഖഫ് ബോർഡ് ആ സ്റ്റാറ്റ്യൂട്ടിൽ പറയുന്ന നടപടിക്രമങ്ങൾ പാലിക്കാതെയാണ് മുനമ്പം ഭൂമിയെ  വഖഫായി പ്രഖ്യാപിച്ചതെന്നും അതിലൂടെ മുനമ്പം ജനതയുടെ സ്വഭാവിക നീതിയും ഭരണഘടന വാഗ്ദാനംചെയ്യുന്ന മൗലികാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു എന്നും അത് വഖഫ് ബോർഡിന്റെ ഏകപക്ഷീയവും നിയമവിരുദ്ധമായ നടപടിയുടെ ഫലമാണെന്നും ഹൈക്കോടതിവിധിയുടെ 49-ാം ഖണ്ഡികയിൽ നിന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥരായ ഞങ്ങൾ അതിനെ വളരെ ഗൗരവത്തോടെ കാണുന്നു,

പ്രത്യേകിച്ചും വഖഫ് ബോർഡിന്റെ പ്രസ്തുത തീരുമാനം സർക്കാരിനെ ബാധിക്കുന്നതല്ല എന്ന കോടതിയുടെ പ്രത്യേക കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ!

സർക്കാരിന് ബാധകമല്ലാത്ത ഒരു സ്റ്റാറ്റ്യൂട്ടറി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിൻ്റെ നടപടികളിലൂടെ മുനമ്പത്തെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നാലു വർഷത്തോളം നിഷേധിക്കപ്പെട്ടതിൽ ഞങ്ങൾ ഖേദിക്കുന്നു. ഈ അനീതി പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 

അതിനാൽ, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല മറിച്ച്, ഭരണഘടനയുടെ വെളിച്ചത്തിൽ ഞങ്ങൾ സ്വമേധയാ ഞങ്ങളുടെ തെറ്റ് തിരുത്തുന്നതിന്റെ  ഭാഗമായി മുനമ്പത്ത് 2022നു മുമ്പുള്ള തൽസ്ഥിതി തുടരാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകുന്നു.

ഒപ്പ്

സീൽ

PS: ഈ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാൻ ആർക്കും അവകാശമുണ്ടെന്ന കാര്യം ഞങ്ങൾ നിഷേധിക്കുന്നില്ല. പക്ഷേ ഇനിയൊരു കോടതിയും ഞങ്ങളുടെ ഈ നടപടിയിൽ ഇടപെടില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. കാരണം, ഈ  വിഷയം സിംഗിൾ ബഞ്ച് ഇപ്പോൾ തന്നെ പരിശോധിക്കുന്നുണ്ട്. എങ്കിലും ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിന്റെ വെളിച്ചത്തിൽ അതിനിനി പ്രസക്തിയില്ല എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

Tags

Share this story

From Around the Web