ഇനി വേണ്ട, നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കില്‍ നിലം തൊടാതെ തോൽപ്പിച്ചിരിക്കും, മുല്ലപ്പള്ളിക്കെതിരെ വീണ്ടും പോസ്റ്റർ പ്രതിഷേധം
മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റർ പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരത്ത് മത്സരിക്കാനൊരുങ്ങുന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെയാണ് നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പുള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന നാദാപുരത്ത് ലീഗിന്റെ മണ്ഡലം നേതൃത്വത്തെയും, നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കില്‍ നിലം തൊടാതെ തോൽപ്പിച്ചിരിക്കും എന്നും പോസ്റ്ററിൽ പറയുന്നു.
മണ്ഡലത്തിലെ വാണിമേൽ, വളയം, പാറക്കടവ്, തൂണേരി, കല്ലാച്ചി, നാദാപുരം ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ജന്മനാടായ അഴിയൂരിലും മുക്കാളിയിലും സേവ് കോൺഗ്രസിൻ്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെപിസിസിയുടെ നേതൃത്വത്തില്‍ ദ്വിദിന ക്യാമ്പ് നടക്കും. ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് എന്ന പേരില്‍ ഇന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയിലുള്ള സപ്ത കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുക. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിൻ്റെ അധ്യക്ഷതയില്‍ ക്യാമ്പ് നടക്കും.