“മറിയത്തോടുള്ള ഭക്തിയില്ലായിരുന്നെങ്കിൽ ഞാനിന്ന് ഇവിടെ ഉണ്ടാകില്ലായിരുന്നു”: ക്രൈസ്തവരുടെ അതിജീവനത്തെക്കുറിച്ച് നൈജീരിയൻ ബിഷപ്പ്

 
22

നൈജീരിയയിലെ വടക്കുകിഴക്കൻ മേഖലയിൽ വർഷങ്ങളായി തുടരുന്ന ബോക്കോ ഹറാം അക്രമങ്ങൾക്കിടയിലും വിശ്വാസികളുടെ കരുത്ത് നിലനിർത്തുന്നതിനും സഭയെ ശക്തിപ്പെടുത്തുന്നതിനും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി വലിയ പങ്കുവഹിച്ചുവെന്ന് മൈദുഗുരി രൂപതയിലെ ബിഷപ്പ് ഒലിവർ ദാഷെ ഡോം സാക്ഷ്യപ്പെടുത്തുന്നു.

നൈജീരിയൻ കാത്തലിക് സെക്രട്ടേറിയറ്റിൽ (CSN) നടന്ന ദേശീയ മരിയൻ കോൺഫറൻസിനിടെ നൽകിയ അഭിമുഖത്തിലാണ്, പീഡനങ്ങളുടെയും സംഘർഷങ്ങളുടെയും നിഴലിൽ കഴിയുന്ന കത്തോലിക്കർക്ക് മരിയൻ ആത്മീയത എങ്ങനെയാണ് ധൈര്യത്തിന്റെയും പ്രത്യാശയുടെയും ഉറവിടമായി മാറിയതെന്ന് അദ്ദേഹം വിശദീകരിച്ചത്.

“നമ്മുടെ മാതാവായ മറിയത്തോടുള്ള ഭക്തിയില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കില്ലായിരുന്നു. അവളുമായുള്ള ബന്ധമില്ലാതെ എനിക്ക് നിലനിൽപ്പില്ല,” ബിഷപ്പ് ഡോം പറഞ്ഞു.

2009 ഓഗസ്റ്റിൽ ബിഷപ്പായി ചുമതലയേറ്റതു മുതൽ, ബോക്കോ ഹറാം തീവ്രവാദികളിൽ നിന്ന് നിരന്തരമായ ആക്രമണങ്ങൾ നേരിടുന്ന തന്റെ രൂപതയിൽ മരിയൻ ഭക്തിക്ക് അദ്ദേഹം മുൻഗണന നൽകി. “ഞാൻ ചുമതലയേറ്റപ്പോൾ മരിയൻ ഭക്തി ശക്തിപ്പെടുത്തുന്ന കൂടുതൽ കാര്യങ്ങൾ ഞങ്ങൾ പരിചയപ്പെടുത്തി. അത് ഞങ്ങളെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.

ഭീകരവാദ ഭീഷണികൾക്കിടയിലും വിശ്വാസികൾ പതറാതെ നിൽക്കാൻ ഈ ആത്മീയത സഹായിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൂരമായ പീഡനങ്ങൾക്കിടയിലും ജനങ്ങളുടെ വിശ്വാസം മുൻപത്തേക്കാൾ ശക്തമായിരിക്കുകയാണ്. സഭ പീഡിപ്പിക്കപ്പെടുമ്പോൾ അത് കൂടുതൽ കരുത്താർജ്ജിക്കുന്നു എന്നതാണ് യാഥാർഥ്യമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. അക്രമങ്ങൾ ആരംഭിക്കുന്നതിന് മുൻപുള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ വിശുദ്ധ കുർബാനയിലും മറ്റ് പ്രാർഥനകളിലും പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Tags

Share this story

From Around the Web