തിരിച്ചടി നേരിട്ടാൽ രാഷ്‌ട്രീയ വനവാസത്തിന് പോകും, മറിച്ചാണെങ്കിൽ അത് ടീം യുഡിഎഫിൻ്റെ വിജയം: വി.ഡി. സതീശൻ
കൊച്ചി: കേരളത്തിൽ നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പറവൂർ മണ്ഡലം സ്ഥാനാർഥി വി.ഡി. സതീശൻ. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ വനവാസത്തിന് പോകുമെന്നും, വിധി മറിച്ചാണെങ്കിൽ അത് ടീം യുഡിഎഫിൻ്റെ വിജയമാകുമെന്നും സതീശൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
പറവൂരിൽ ഉള്ളവരൊക്കെ എൻ്റെ ബന്ധുക്കളാണ്. എൽഡിഎഫ് സ്ഥാനാർഥി ഇ.ടി. ടൈസൺ തൻ്റെ വളരെ അടുത്ത സുഹൃത്താണ് എന്നും തെരഞ്ഞെടുപ്പ് ആയാലും ഞങ്ങളുടെ ബന്ധത്തിന് യാതൊരു പോറലും ഏൽക്കരുതെന്നാണ് പേരുടെ നിർബന്ധമെന്നും സതീശൻ പറഞ്ഞു.
എൽഡിഎഫ് സർക്കാർ കേരളത്തെ തകർത്ത് തരിപ്പണമാക്കിയെന്നും സമ്പദ് വ്യവസ്ഥ തകർത്തെന്നും ജനജീവിതം ദുരിതപൂർണമാക്കിയെന്നും സതീശൻ വിമർശിച്ചു. കേരളത്തിന് ഇതിൽ നിന്നും കരകയറാൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്നും സതീശൻ പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും സീറ്റ് വിഭിജനത്തിൽ തർക്കമുണ്ടായില്ലെന്നും സതീശൻ വ്യക്തമാക്കി. ചില സീറ്റുുകളിലെ സ്ഥാനാർഥി പ്രഖ്യാപനം മനപൂർവം വൈകിപ്പിച്ചതാണ്. അതുകൊണ്ട് തന്നെ വിസ്മയങ്ങൾ ഉണ്ടായില്ലേ എന്നും സതീശൻ ചോദിച്ചു.