"നിരന്തരം പൊലീസിൽ പരാതികൾ നൽകി ബുദ്ധിമുട്ടിച്ചു‌"; പയ്യന്നൂരിൽ കുടുംബത്തിലെ നാല് പേർ മരിച്ചതിൽ കലാധരന്റെ ഭാര്യക്കെതിരെ കുടുംബം

 
kaladharan

കണ്ണൂർ: പയ്യന്നൂരിൽ കൊച്ചുമക്കൾക്ക് വിഷം നൽകിയ ശേഷം അമ്മയും മകനും ജീവനൊടുക്കിയതിൽ കലാധരന്റെ ഭാര്യക്കെതിരെ കുടുംബം. കോടതി ഉത്തരവ് പ്രകാരം കുട്ടികളെ വിട്ടുകിട്ടാൻ നിരന്തരം ഭാര്യ ആവശ്യപ്പെട്ടു. നിരവധി തവണ പൊലീസിൽ പരാതികൾ നൽകി ബുദ്ധിമുട്ടിച്ചു‌. കുട്ടികൾ അച്ഛന്റെ കൂടെ നിൽക്കാനാണ് താല്പര്യപ്പെട്ടത്. അമ്മയോടൊപ്പം കലാധരൻ വിട്ടയച്ചിട്ടും കുട്ടികൾ തിരിച്ചു വന്നു. ഈ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നും കുടുംബം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് രാമന്തളി സെൻ്റർ വടക്കുമ്പാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് കൊച്ചുമക്കൾക്ക് വിഷം നൽകിയ ശേഷം അമ്മയും മകനും ജീവനൊടുക്കിയതാണെന്നാണ് നി​ഗമനം. മുറിയിലെ മേശയിൽ മദ്യക്കുപ്പിയും കീടനാശിനിയുടെ കുപ്പിയും മുറിയിൽ കുപ്പിയിൽ പാലും പൊലീസ് കണ്ടെത്തിയിരുന്നു. പാലിൽ കീടനാശിനി കലർത്തി കുട്ടികൾക്ക് നൽകിയെന്നാണ് പൊലീസിന്റെ സംശയം. ജീവനൊടുക്കാൻ കാരണം കുടുംബ പ്രശ്‌നമാണെന്നാണ് പൊലീസിൻ്റെ നി​ഗമനം.

ഉഷയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലാണ് കണ്ടത്. വീട്ടിനു മുന്നിൽ ഒരു കത്തും ഉണ്ടായിരുന്നു. തുടർന്ന് കത്തുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോൾ ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളും നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു.

Tags

Share this story

From Around the Web