'അവന്റെ അരികിൽ തന്നെ എന്നെയും ഉറക്കണം'; പ്രതിശ്രുത വരന്റെ വേർപാടിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
കാസർകോട്: വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരൻ അപകടത്തിൽ മരിച്ച മനോവിഷമത്തിൽ യുവതി ജീവിതം അവസാനിപ്പിച്ചു. കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ചത്. പ്രഫുല്ലയുടെ പ്രതിശ്രുത വരൻ തമിഴ്‌നാട് സ്വദേശി മണി കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചിരുന്നു.
നാല് മാസങ്ങൾക്ക് മുൻപാണ് മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. എന്നാൽ ഒരു മാസം മുൻപ് മണി സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മണി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ഈ വാർത്തയറിഞ്ഞത് മുതൽ പ്രഫുല്ല കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
വീട്ടുകാർ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രഫുല്ല ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ഒരു ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. "മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെ തന്റെയും സംസ്കാരം നടത്തണം" എന്നതായിരുന്നു പ്രഫുല്ലയുടെ അവസാനത്തെ ആഗ്രഹം.
കുമ്പള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിവാഹാലോചനകൾ നടന്നു കൊണ്ടിരുന്ന രണ്ട് കുടുംബങ്ങളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ ഇരട്ട മരണം.