രാഹുല്‍ രാജി പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല; അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു: ഉമ തോമസ്

 
1111

ലൈംഗിക വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ്. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ തന്നെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം താന്‍ പ്രതികരിച്ചതെന്നും ഉമ തോമസ് പറഞ്ഞു.

പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. രാഹുലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ഉമ തോമസ് പറഞ്ഞു.

'എന്റെ പ്രതികരണം ഞാന്‍ തന്ന് കഴിഞ്ഞു. പറയാനുള്ളത് ഇന്നലെ തന്നെ വളരെ കൃത്യമായി പറഞ്ഞതാണ്. എന്റെ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്. പക്ഷെ എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി തീരുമാനിക്കട്ടെ. മിനിഞ്ഞാന്ന് തന്നെ അദ്ദേഹം രാജിവെക്കുമെന്നാണ് വിചാരിച്ചത്. പത്ര സമ്മേളനം നടത്തുമ്പോള്‍ ഒരു ക്ലാരിറ്റി ഉണ്ടാകുമെന്നാണ് വിചാരിച്ചത്. പക്ഷെ അതുണ്ടായില്ല എന്നതുകൊണ്ടാണ് ഇന്നലെ എന്റെ അഭിപ്രായം പറഞ്ഞത്,' ഉമ തോമസ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന് പറഞ്ഞതിന് പിന്നാലെ ഉമ തോമസിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന് കടുത്ത സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. വിവിധ കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അധിക്ഷേപ പരാമര്‍ശവുമുണ്ടായിരുന്നു. ഈ വിഷയത്തിലും ഉമ തോമസ് പ്രതികരിച്ചു.

Tags

Share this story

From Around the Web