സെന്റ് റീത്താസ് സ്കൂളിലെ അധ്യാപകരുടെ പട്ടിക നോക്കി. എല്ലാവരും തന്നെ ക്രിസ്ത്യന്‍ നാമധാരികളാണ്, ശിരോവസ്ത്ര വിലക്ക് കേരളീയ സമൂഹത്തിനുണ്ടാക്കിയ ആഘാതം ചെറുതല്ല: ടി.ടി ശ്രീകുമാർ

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസിലെ ശിരോവസ്ത്ര വിലക്ക് കേരളീയ സമൂഹത്തിനുണ്ടാക്കിയ ആഘാതം ചെറുതല്ലെന്ന് രാഷ്ട്രീയ നിരീക്ഷകന് ടി.ടി ശ്രീകുമാർ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
"എല്ലാ ദിവസവും ഹിജാബ് അഴിച്ചുവെച്ചാണ് കഴിഞ്ഞ നാലുമാസവും കുട്ടി പഠിച്ചിരുന്നത് എന്ന് പ്രിൻസിപ്പല്‍തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ പൊതുപരിപാടി നടക്കുന്ന ദിവസം തനിക്കത് അഴിക്കേണ്ടെന്ന് വിചാരിച്ചതിന് പിന്നില്‍ വിശ്വാസം കുട്ടിക്ക് പ്രധാനമാണെന്ന് തെളിയുന്നുണ്ട്. ക്ലാസില്ലാത്തതിനാല്‍ ഇതൊരു പ്രശ്നമാവില്ല എന്നാണ് കുട്ടി ഓര്‍ത്തതെന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
അതഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുട്ടി അനുസരിക്കുകയും ചെയ്തു. എന്നാല്‍, അവിടെവെച്ച് അത് അവസാനിപ്പിക്കാതെ കുട്ടിയെ ഒരു റൂമില്‍ മറ്റു അധ്യാപികമാരെ കാവല്‍നിര്‍ത്തി മാറ്റിയിരുത്തുകയും രക്ഷിതാവിനെ വിളിപ്പിച്ചു കുട്ടി എന്തോ മഹാപരാധം ചെയ്തു എന്ന് ശകാരിക്കുകയും ചെയ്തതാണ് ഈ വിഷയം ഇത്രയും കാലുഷ്യപൂർണമാവാന് കാരണമെന്നതും ഇതുവരെയുള്ള സ്കൂളിന്റെതന്നെ ആഖ്യാനങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. രക്ഷിതാവ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബോട്ട് ജീവനക്കാരനാണ്.
എന്നാല്‍, തന്റെ പെണ്മക്കൾക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ ശ്രദ്ധാലുവായ ഒരു ഉല്പതിഷ്ണുവും സ്നേഹധനനുമാണ് അദ്ദേഹം. ഇതെല്ലാം മധ്യവർഗവികാരങ്ങള് മാത്രമാണെന്ന് ധരിച്ചുവശായ ചിലരെങ്കിലും ഇപ്പോഴുമുണ്ട് എന്നത് ലജ്ജാകരമാണ്. കുട്ടിയുടെ ജ്യേഷ്ഠസഹോദരിമാര് ഇന്ത്യക്ക് പുറത്ത് ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവരാണ് എന്നത് തീര്‍ച്ചയായും സ്കൂളിനും അറിയാവുന്ന കാര്യമാണ്. അങ്ങനെയുള്ള വിചാരശേഷിയുള്ള പിതാവിനെ വിളിച്ചുവരുത്തി വിചാരണചെയ്യുക എന്ന കടുത്ത അപരാധത്തിലേക്ക് സ്കൂള്‍ ഒരിക്കലും കടക്കരുതായിരുന്നു. ഞാന്‍ സ്കൂളിലെ അധ്യാപകരുടെ പട്ടിക നോക്കി.
എല്ലാവരുംതന്നെ ക്രിസ്ത്യന്‍ നാമധാരികളാണ്. ഇത് യാദൃശ്ചികമാവില്ലെന്ന് നമുക്കറിയാം. പലരും പുരോഹിതമാരാണ്. കുട്ടിയോ രക്ഷിതാവോ ഇതൊരു പ്രശ്നമായി കാണാത്തവരാണ്; വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. ഒറ്റദിവസത്തേക്ക് കുട്ടിയെടുത്ത ഒരു ചെറിയ സ്വാതന്ത്ര്യത്തെയാണ് നാം കുത്തിക്കുത്തി പുണ്ണാക്കുന്നതെന്ന് സ്കൂള്‍ തിരിച്ചറിയാതെപോയത് കേരളീയസമൂഹത്തിനുണ്ടാക്കിയ ആഘാതം ചെറുതല്ല."