പാര്‍ട്ടിയെ ധിക്കരിച്ചിട്ടില്ല, ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം അവഗണിച്ച് നിയമസഭയിലെത്തിയതിലൂടെ പാര്‍ട്ടിയെ ധിക്കരിച്ചിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും എല്ലാ കാലവും ഞാന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും രാഹുല്‍ പറഞ്ഞു. പുറത്തുവന്ന ഓഡിയോ തന്റേതാണോയെന്ന ചോദ്യത്തിന് മറുപടി പറയാതെ അന്വേഷണം നടക്കട്ടേയെന്നായിരുന്നു രാഹുലിന്റെ മറുപടി.
മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ ഒഴിഞ്ഞു മാറുകയാണ് എന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയല്ലാതെ ലൈംഗികാരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിലൊന്നും തന്നെ പ്രതികരിക്കാന്‍ രാഹുല്‍ തയ്യാറായില്ല.
'പാര്‍ട്ടിയെ ധിക്കരിച്ച് രാഹുല്‍ നിയമസഭയിലേക്ക് എന്നാണ് ഇന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പാര്‍ട്ടിയെ ധിക്കരിച്ചിട്ടില്ല. ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. സസ്‌പെന്‍ഷനിലുള്ള പ്രവര്‍ത്തകന്‍ എങ്ങനെ പെരുമാറണമെന്ന ബോധ്യം എനിക്കുണ്ട്.
അതുകൊണ്ട് ഞാന്‍ ഒരു നേതാവിനെയും കാണാന്‍ ശ്രമിച്ചിട്ടില്ല. ചില മാധ്യമങ്ങള്‍ ഞാന്‍ മൗനത്തിലാണ് എന്ന് വാര്‍ത്ത നല്‍കി. എന്നാല്‍ ആരോപണം വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ വിശദമായി മാധ്യമങ്ങളെ കണ്ടതാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടേ. സസ്‌പെന്‍ഷനില്‍ ആണെങ്കിലും ഞാന്‍ കോണ്ഗ്രസ് പ്രവര്‍ത്തകനാണ്.,' രാഹുല്‍ പറഞ്ഞു.