എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട് ഒരു വെറുപ്പുമില്ല, പക്ഷേ തെറ്റില്ലാതെ ഭാഷ പറയുന്ന ആരെയും അവിടെ കണ്ടില്ലല്ലോ? എഎ റഹീം
തിരുവനന്തപുരം: കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജിന് ഇരയായവരെ സന്ദര്‍ശിച്ചതിന് ശേഷം കന്നഡ മാധ്യമത്തിന് നല്‍കിയ വീഡിയോയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി. തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെന്നും എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളുവെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
ആ യാത്രയെക്കുറിച്ച് എപ്പോഴും അഭിമാനമേയുള്ളുവെന്നും റഹീം പറഞ്ഞു. കന്നഡ മാധ്യമത്തിന് ഇംഗ്ലീഷിലായിരുന്നു റഹീം പ്രതികരണം നല്‍കിയത്. എന്നാല്‍ ഇതിലെ റഹീമിന്റെ ഭാഷയെക്കുറിച്ച് വലിയ രീതിയിലുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനെതിരെയാണ് റഹീം മറുപടിയുമായി രംഗത്തെത്തിയത്.
'എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂട ഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ, അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു', റഹീം പറഞ്ഞു.