"എട്ട് യുദ്ധങ്ങള്‍ ഞാന്‍ അവസാനിപ്പിച്ചില്ലേ, ഒബാമ എന്ത് ചെയ്തിട്ടാ നൊബേല്‍ കിട്ടിയത്?"

സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ തനിക്ക് എല്ലാ അര്‍ഹതയുമുണ്ടെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ സമാധാനം കൊണ്ടുവരുന്നതടക്കം എട്ട് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപിന്റെ അവകാശവാദങ്ങള്‍.
നൊബേല്‍ ലഭിച്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വിമര്‍ശിക്കാനും ട്രംപ് മറന്നില്ല. നൊബേല്‍ ലഭിക്കാന്‍ ബരാക് ഒബാമ ഒന്നും ചെയ്തിട്ടില്ലെന്നും രാജ്യത്തെ നശിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ട്രംപിന്റെ വിമര്‍ശനം. താന്‍ ഇടപെട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് ഒരു അവാര്‍ഡ് മോഹിച്ചല്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
സമാധാനത്തിനുള്ള നൊബേല്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കേയാണ് പുരസ്‌കാര മോഹം വീണ്ടും ട്രംപ് വെളിപ്പെടുത്തിയത്. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ഇലോണ്‍ മസ്‌ക്, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരും ട്രംപിനൊപ്പം പട്ടികയിലുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് പ്രഖ്യാപനം.