‘കണ്ണ് നനയുന്ന ആ വര്‍ത്തകള്‍ ഇനി വേണ്ട ! ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി, അവര്‍ എല്ലാക്കാലവും നമ്മോടൊപ്പം ഉണ്ടാകും’: എംവിഡി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ടവരേ… നമ്മുടെ കുഞ്ഞുങ്ങള്‍ എപ്പോഴും അവരെ ആകര്‍ഷിക്കുന്ന വസ്തുക്കളിലേക്ക് മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുക യുള്ളൂ, ഉദാഹരണത്തിന് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഐസ്‌ക്രീം വില്‍ക്കുന്നഒരു വാഹനം നടന്നു പോകുന്ന ഒരു കുട്ടിയുടെ കണ്ണില്‍പ്പെട്ടാല്‍ അവന്റെ മുഴുവന്‍ ശ്രദ്ധയും ആ വാഹനത്തിലേക്ക് മാത്രമാവും. പരിസരത്ത് നടക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ അവന് ശ്രദ്ധിക്കാന്‍ കഴിയില്ല.
വാഹനം റോഡിന്റെ എതിര്‍ഭാഗത്താണെങ്കില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാനൊന്നും അവന്റെ മനസ്സ് തയ്യാറാകുകയില്ല.
എത്രയും പെട്ടെന്ന് ഐസ്‌ക്രീം കൈക്കലാക്കുക എന്ന ഒരു ചിന്ത മാത്രം ആയിരിക്കും ആ മനസ്സില്‍.സ്‌കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങുന്ന കുഞ്ഞ് റോഡിന്റെ എതിര്‍ഭാഗത്ത് നില്‍ക്കുന്ന അമ്മയെ കണ്ടാല്‍ എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തേക്ക് ഓടിയെത്തുക എന്ന ത് മാത്രമേ ആ കുഞ്ഞു ചിന്തിക്കുകയുള്ളൂ. ഒരു വലിയ ദുരന്തത്തിന് ഈ ഒരു കാരണം മാത്രം മതി.
മുതിര്‍ന്ന ഒരാളുടെ കയ്യില്‍ പിടിച്ചു കൊണ്ട് കുഞ്ഞു നടന്നുപോകുമ്പോഴും ഇതുതന്നെ സംഭവിക്കാം, കാരണം കുഞ്ഞുങ്ങളുടെ പ്രവര്‍ത്തികള്‍ പ്രവചനാതീതമാണ്. ഇഷ്ടമുള്ള കാഴ്ചകളും വസ്തുക്കളും കണ്ടാല്‍ അവര്‍ കൈ വിടുവിച്ച് ഓടാനും അപകടമുണ്ടാകാനുമുള്ള സാധ്യത മറ്റുള്ളവര്‍ വേണം തിരിച്ചറിയാന്‍. ഇത്തരം സാഹചര്യങ്ങളില്‍ മുന്‍കരുതല്‍ എടുക്കേണ്ടത് മുതിര്‍ന്നവരാണ്
വലതുവശം ചേര്‍ന്ന് മാത്രം നടക്കുക, അങ്ങനെ നടക്കുമ്പോഴും കുഞ്ഞുങ്ങളുടെ ഇടതു കൈ മുതിര്‍ന്നവരുടെ വലതു കൈയില്‍ ആയിരിക്കട്ടെ. ഇങ്ങനെ വാഹനങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കാന്‍ സാധിക്കുന്നതിനാല്‍ അവര്‍ കൂടുതല്‍ സുരക്ഷിതരാവട്ടെ.
റോഡ് മുറിച്ചു കട ക്കേണ്ടി വരുമ്പോഴും അവരുടെ കൈ നമ്മുടെ കയ്യില്‍ ഭദ്രമായിരിക്കട്ടെ. ഇരുവശവും നോക്കി സുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷം മാത്രം കുഞ്ഞുങ്ങളുമൊത്ത് റോഡ് മുറിച്ചു കടക്കുക. കുഞ്ഞുങ്ങള്‍ ഒത്തുള്ള ഓരോ യാത്രയും പൂര്‍ണ്ണ ശ്രദ്ധയോടെയാകട്ടെ.