'കോടികളില്‍ മതിമറക്കാനില്ല, ജോലി എന്റെ ചോറ്'; പതിവ് പോലെ കടയിലെത്തി ശരത്, 'ആഗ്നേയന്റെ ഐശ്വര്യം'

കൊച്ചി: ഓണം ബമ്പറടിച്ചെങ്കിലും പെയിന്റ് കടയിലെ ജോലി തുടരുമെന്ന് ഭാഗ്യശാലി ശരത്ത് എസ് നായര്‍. ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും ആദ്യം ചില കടങ്ങള്‍ വീട്ടാനുണ്ടെന്നും ശരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോട്ടറി ഏജന്റിനെ കണ്ട് സംസാരിച്ചു. അന്ന് ലതീഷിന്റെ കടയില്‍ ലഡു വിതരണമൊക്കെ നടക്കുമ്പോള്‍ താനിവിടെ ഉണ്ടായിരുന്നുവെന്നും ശരത്ത് പറഞ്ഞു. ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുൾപ്പെടെ നില്‍ക്കുന്നത് കണ്ടിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ഇതെല്ലാം എല്ലാവരും അറിയും. അതുകൊണ്ടാണ് എല്ലാം ഉറപ്പുവരുത്തിയ ശേഷം എല്ലാവരോടും പറയാമെന്ന് കരുതിയതെന്നും ശരത്ത് പറഞ്ഞു.
തിരുവോണം ബമ്പർ ഫലം പ്രഖ്യാപിച്ചതുമുതൽ ആരാണ് ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളം. വൈറ്റില നെട്ടൂരിലെ ഐഎൻടിയുസി ജങ്ഷനിലുള്ള ലതീഷ് എന്ന ഏജന്റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. ലതീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ലോട്ടറി അടിച്ചത് ഒരു സ്ത്രീയ്ക്കാണ് എന്നതടക്കമുള്ള ഊഹാപോഹങ്ങൾ വന്നിരുന്നു.