എനിക്ക് അമ്മയില്ല കേട്ടോ.. നാലാം ക്ലാസുകാരിയോട് വീണ്ടും ക്രൂരത; ഉപദ്രവിക്കാൻ അച്ഛന്റെ ശ്രമം; പ്രതികളെ പിടികൂടാതെ പൊലീസ്

അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തെ കുറിച്ച് കുറിപ്പെഴുതിയ നാലാം ക്ലാസുകാരിയെ വീണ്ടും ഉപദ്രവിക്കാൻ ശ്രമം. കുട്ടി നിലവിൽ കഴിയുന്ന വീട്ടിൽ എത്തിയാണ് അച്ഛൻ ഭീഷണി മുഴക്കിയത്. കേസെടുത്ത് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല.
കുഞ്ഞിന്റെ പുസ്തകങ്ങളും വസ്ത്രവും എടുക്കാൻ അച്ഛനും രണ്ടാനമ്മയും താമസിക്കുന്ന വീട്ടിലേക്ക് പിതാവിന്റെ അമ്മയ്‌ക്കൊപ്പം കുഞ്ഞ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇരുവീടുകളും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. മടങ്ങുന്നതിനിടെയാണ് അച്ഛൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും ഇയാൾ സ്ഥലം വിട്ടിരുന്നു.
ഇതു കൂടാതെ കേസെടുത്ത ദിവസവും കുഞ്ഞിനെ പിതാവ് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അന്ന് കുന്താലിയും കസേരയും കുഞ്ഞിന്റെ നേരെ ഇയാൾ വലിച്ചെറിഞ്ഞു. തലനാരിഴ്യ്‌ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. തടയാൻ ശ്രമിച്ച സ്വന്തം പിതാവിനെ ഇയാൾ മർദിക്കാൻ ശ്രമിച്ചെന്ന വിവരവും പുറത്തു വരുന്നുണ്ട്. പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു.
ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടിയുടെ മുഖത്തുൾപ്പെടെ മർദനത്തിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകർ വിവരം തിരക്കിയപ്പോഴാണ് ക്രൂരമർദനത്തിന്റെ വിവരങ്ങൾ കുട്ടി പറഞ്ഞത്. പിന്നാലെയാണ് നേരിട്ട പ്രയാസങ്ങളെയും മർദനത്തെപ്പറ്റിയും ‘എന്റെ അനുഭവം’ എന്ന തലക്കെട്ടിൽ എഴുതിയ കത്ത് ബുക്കിൽനിന്ന് ലഭിച്ചത്. കൊടിയ ശാരീരിക മാനസിക പീഡനം നിഴലിക്കുന്നതായിരുന്നു ഇതിലെ ഓരോ അക്ഷരങ്ങളും. എനിക്ക് സുഖമില്ല സാറേ, വിഷം തന്ന് കൊല്ലുമെന്നാണ് വാപ്പി പറയുന്നത് എന്നതടക്കം മനഃസാക്ഷിയെ നടുക്കുന്ന, അതീവ ഗൗരവകരമായ വിവരങ്ങളാണ് ഇതിലുള്ളത്.
തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കെസെടുത്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും അൻസാറിനെയും ഷെമീനയെയും അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. മൂന്ന് വർഷം വരെ തടവും ഒരലക്ഷം പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇരുവരും ചെയ്തത്.