'സഹോദരി എന്ന പരിഗണന പാർട്ടിയിൽ നിന്നപ്പോൾ കിട്ടിയില്ല'; ബാലഗോപാലിന് മറുപടിയുമായി അയിഷാ പോറ്റി
കൊല്ലം: ജ്യേഷ്ഠ സഹോദരിയെ പോലെ കണ്ടിരുന്ന ആൾ പാർട്ടി വിട്ടതിൽ വിഷമമെന്ന മന്ത്രി കെ.എൻ ബാലഗോപാലിൻ്റെ പരാമർശത്തിൽ പ്രതികരണവുമായി അഡ്വ.പി അയിഷാ പോറ്റി. സഹോദരി എന്ന പരിഗണന പാർട്ടിയിൽ നിന്നപ്പോൾ കിട്ടിയില്ല. ബാലഗോപാൽ തന്‍റെ പല പദ്ധതികളും സ്വന്തം പദ്ധതിയാക്കി. ഉദ്ഘാടനത്തിന് പോലും തന്നെ ക്ഷണിച്ചില്ലെന്നും അയിഷാ പോറ്റി പറഞ്ഞു.
കുടുംബത്തിലെ ജ്യേഷ്ഠസഹോദരി പാര്‍ട്ടിയെ തകര്‍ക്കാന്‍ നില്‍ക്കുന്ന ആളുകളോടൊപ്പം ചേര്‍ന്നതില്‍ അതീവ ദുഖമുണ്ട്. പാര്‍ട്ടി വിട്ടതില്‍ പിന്നീട് അയിഷാ പോറ്റി വിഷമിക്കേണ്ടി വരുമെന്നായിരുന്നു ബാലഗോപാൽ പറഞ്ഞത്. അയിഷാ പോറ്റി കോണ്‍ഗ്രസില്‍ പോകാന്‍ പാടില്ലായിരുന്നു. വ്യക്തിപരമായി തനിക്ക് ദേഷ്യമില്ല. ഒന്നുമാകാത്ത എത്രയോ സഖാക്കളുണ്ട്.
അവര്‍ കൂടി പ്രവര്‍ത്തിച്ചല്ലേ ജനപ്രതിനിധി ആകുന്നത്. ഇപ്പോള്‍ പോയതില്‍ പിന്നീട് അവര്‍ക്ക് വിഷമമുണ്ടാകും. ഇടതുപക്ഷവും പാര്‍ട്ടിയും അവര്‍ക്കായി പ്രവര്‍ത്തിച്ചത് കാണേണ്ടതായിരുന്നു. കുടുംബത്തിലെ ജ്യേഷ്ഠസഹോദരി നമ്മളെ തകര്‍ക്കാന്‍ നില്‍ക്കുന്ന ആളുകളോടൊപ്പം ചേര്‍ന്നതില്‍ അതീവദുഖമുണ്ടെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിവിട്ട വിട്ട അയിഷാ പോറ്റിക്കെതിരെ മുന്നണിക്കകത്തും പാര്‍ട്ടിക്കകത്തും കനത്ത പ്രതിഷേധമാണുയരുന്നത്. പോറ്റിയുടെ നിലപാട് അവസരവാദപരമാണെന്നും പാര്‍ട്ടിയാണ് അവരെ എംഎല്‍എ ആക്കിയതെന്നും ചൂണ്ടിക്കാട്ടി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അയിഷാ പോറ്റി വര്‍ഗ വഞ്ചന കാണിച്ചെന്നായിരുന്നു ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ നിലപാട്.