‘കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇടപെട്ട കോൺഗ്രസ് എംഎൽഎമാരെ അഭിനന്ദിക്കുന്നു, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യാത്ര ചെയ്യാൻ കഴിയുന്നില്ല’: വി ഡി സതീശൻ

ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ പറഞ്ഞതിൽ പ്രസക്തിയില്ല. മതത്തിന്റെ പേരിൽ ഒരു സമൂഹത്തെയും ആക്രമിക്കരുത്. നമ്മുടെ രാജ്യത്ത് ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കുക. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യാത്ര ചെയ്യാൻ പോലും ആർക്കും കഴിയുന്നില്ല. ജാമ്യം ലഭിക്കുന്നതിന് ഇടപെട്ട കോൺഗ്രസ് എംഎൽഎമാരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമ പോരാട്ടത്തിന് പൂർണ പിന്തുണ നൽകും, ആട്ടിൻ തോൽ ഇട്ട ചെന്നായ്ക്കൾ ആണ് കേക്കുകളുമായി അരമന കയറുന്നത് എന്ന് 2023 ൽ പറഞ്ഞതാണ്. അതിപ്പോൾ യാഥാർത്ഥ്യമായി. കന്യാസ്ത്രീ വിഷയത്തിൽ കേരളത്തിൻറെ മതേതര മനസ് ഒന്നിച്ചു. അവിടെ വിദ്വേഷം കൊണ്ടുവരാനാണ് ബിജെപി ശ്രമിച്ചതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നൽകിയത്. സാധാരണ ഗതിയിൽ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്.