‘സഭ നേതൃത്വം വിവേചന ബുദ്ധിയോടെ പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു’ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ശോഭ സുരേന്ദ്രൻ

അങ്കമാലി: ഛത്തിസ്ഗഢിൽ കന്യാസ്ത്രീകൾ ജയിലിലായ സംഭവത്തിൽ സഭ നേതൃത്വം ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നതിൽ പരാതിയില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. വസ്തുത മനസ്സിലാക്കുമ്പോൾ അവരുടെ തെറ്റിദ്ധാരണ മാറുമെന്നും ശോഭ വ്യക്തമാക്കി.
ഛത്തിസ്ഗഢിലെ ജയിലിൽ കഴിയുന്ന അങ്കമാലി എളവൂർ സ്വദേശിനിയായ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സഭ നേതൃത്വത്തിന്റെ പെട്ടെന്നുള്ള പ്രതികരണമാണ് ബി.ജെ.പിക്കെതിരെയുള്ളത്. സഭ നേതൃത്വം വിവേചന ബുദ്ധിയോടെ പ്രവർത്തിക്കുമെന്ന് ബി.ജെ.പി ഉറച്ചുവിശ്വസിക്കുന്നു.
പ്രത്യേക സാഹചര്യത്തിൽ ജയിലിൽ അകപ്പെട്ട കന്യാസ്ത്രീകളെ എങ്ങനെ മോചിപ്പിക്കാമെന്നാണ് ബി.ജെ.പി ആലോചിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.