‘അവരെ ഞാൻ എന്റെ ഹൃദയത്തിൽ ചേർത്തുപിടിച്ചുകൊണ്ടായിരുന്നു ഈസ്റ്റർ ശുശ്രൂഷകളിൽ പങ്കുചേർന്നത്’: ടെഹ്‌റാൻ കർദിനാൾ
മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, തന്റെ അജഗണങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ചാണ് റോമിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾ ആഘോഷിച്ചതെന്ന് ടെഹ്‌റാൻ-ഇസ്ഫഹാൻ ആർച്ച്ബിഷപ്പ് കർദിനാൾ ഡൊമിനിക് മാത്യു.
യുദ്ധസമാനമായ സാഹചര്യങ്ങൾ മൂലം ഇറാന്റെ തലസ്ഥാനത്ത് നിന്ന് വിട്ടുനിൽക്കേണ്ടിവന്ന അദ്ദേഹം, വിശുദ്ധ കുർബാനയിലൂടെയും വിശ്വാസികളുടെ കൂട്ടായ്മയിലൂടെയും തന്റെ ജനതയുമായി ആത്മീയമായി ഐക്യപ്പെട്ടിരിക്കുന്നുവെന്ന് ഏപ്രിൽ ആറിന് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി. ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
“എന്റെ ആട്ടിൻകൂട്ടത്തിൽ നിന്ന് വളരെ അകലെയാണെങ്കിലും, വളരെ നിഗൂഢമായ രീതിയിൽ അവരെയെല്ലാം എന്റെ ഹൃദയത്തിൽ വഹിച്ചുകൊണ്ടാണ് ഞാൻ ഈസ്റ്റർ ജാഗരണം ആഘോഷിച്ചത്” – അദ്ദേഹം പറഞ്ഞു.
വിശുദ്ധന്മാരുടെ കൂട്ടായ്മയിലും കൂദാശകളുടെ കൃപയിലും, പ്രത്യേകിച്ച് ദിവ്യകാരുണ്യത്തിൽ നമുക്ക് ദൃശ്യമായി ഐക്യപ്പെടാൻ കഴിയാത്തപ്പോൾ പോലും, നാം യഥാർഥത്തിൽ ഐക്യപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.