ഞാൻ മിശിഹായല്ല, നിങ്ങളിലൊരാൾ, ദാരിദ്ര്യമറിയുന്ന സാധാരണക്കാരനായി ഭരണം തുടങ്ങുമെന്ന് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് വൈകാരികമായ പ്രസംഗവുമായി ടിവികെ അധ്യക്ഷൻ വിജയ്. തമിഴ് ജനതയ്ക്ക് ഇതൊരു പുതിയ തുടക്കമാണെന്നും ജനങ്ങളോടുള്ള കടപ്പാട് വീട്ടാനാണ് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ഒരു രാജപരമ്പരയില്‍ നിന്ന് വരുന്നയാളല്ലെന്നും ഒരു സഹസംവിധായകന്റെ മകനായി സിനിമയില്‍ കടുത്ത പോരാട്ടങ്ങളിലൂടെയാണ് വളര്‍ന്നതെന്നും വിജയ് ഓർമ്മിപ്പിച്ചു. "ദാരിദ്ര്യവും വിശപ്പും എന്താണെന്ന് എനിക്ക് നന്നായി അറിയാം. സിനിമയിൽ എന്നെ വലിയ നിലയിലെത്തിച്ചത് നിങ്ങളാണ്. ആ കടം വീട്ടാനാണ് സിനിമയുൾപ്പെടെയുള്ളവ ഉപേക്ഷിച്ച് ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത്," വിജയ് പറഞ്ഞു. താനൊരു മിശിഹായല്ലെന്നും സാധാരണ ജീവിതം നയിക്കുന്ന സാധാരണക്കാരൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കില്ലെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രി, പ്രായോഗികമായ കാര്യങ്ങൾ മാത്രമേ പറയൂ എന്നും വ്യക്തമാക്കി. അസാധ്യമായി തോന്നുന്ന കാര്യങ്ങൾ പോലും കോടിക്കണക്കിന് ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ സാധ്യമാക്കാമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു. തമിഴ്നാടിന്റെ യഥാർത്ഥ അവസ്ഥ ജനങ്ങൾ അറിഞ്ഞിരിക്കണമെന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അതീവ ഗൗരവകരമായ വെളിപ്പെടുത്തലുകളാണ് വിജയ് നടത്തിയത്. തമിഴ്‌നാടിന്റെ കടം നിലവിൽ 10 ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുകയാണ്. സർക്കാരിന്റെ ഖജനാവ് പൂർണ്ണമായും ശൂന്യമാണെന്നും വലിയ സാമ്പത്തിക ഭാരമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക അവസ്ഥ വിലയിരുത്തിയ ശേഷം ഉടൻ തന്നെ ധവളപത്രം പുറത്തിറക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു.
യഥാർത്ഥ അവസ്ഥ തുറന്നുപറഞ്ഞുകൊണ്ട് സുതാര്യമായ ഭരണമായിരിക്കും തന്റെ സർക്കാരിന്റേതെന്ന് വ്യക്തമാക്കിയാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്.