ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം, 11 ദിവസമായി കസ്റ്റഡിയിലാണ്, ഒന്നാലോചിച്ച് നോക്കൂ... രാഹുൽ ഈശ്വർ
 

 
rahul

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ. കസ്റ്റഡിയിൽ വാങ്ങാനായി കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.

‘ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം. സന്തോഷമല്ലേ വേണ്ടത്. മാധ്യമങ്ങളെ കുറ്റം പറയുകയല്ല. നിങ്ങൾ ഞങ്ങളോടൊപ്പം നിൽക്കണം. 11 ദിവസമായി കസ്റ്റഡിയിലാണ്. ഒന്നാലോചിച്ച് നോക്കൂ... സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണിത്.

മാധ്യമങ്ങളോട് വിജയഭേരി മുഴക്കുകയല്ല. പക്ഷേ, ദയവായി ഞങ്ങളെ പോലെ ഉള്ളവർ കള്ളക്കേസിൽ കുടുക്കപ്പെടുമ്പോൾ സപ്പോർട്ട് ചെയ്യണം. കിഡ്നിക്ക് പ്രശ്നമാവുമെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് നിരാഹാരം അവസാനിപ്പിച്ചത്. നാലുദിവസം വെള്ളമില്ലാതെയും അഞ്ചുദിവസം ആഹാരമില്ലാതെയും കഴിഞ്ഞു’ -രാഹുൽ ഈശ്വർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിലാണ് രാഹുൽ ജയിലിൽ കഴിയുന്നത്. നേരത്തെ കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ രാഹുൽ ഈശ്വർ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചിരുന്നു. നിരാഹാരം പൊലീസിനെ സമ്മർദത്തിലാക്കാനാണെന്നും അനുവദിച്ചാൽ മറ്റ് തടവുകാരും ഇത് ആവർത്തിക്കുമെന്നും കോടതി പറഞ്ഞിരുന്നു.

അന്വേഷണത്തോട് സഹകരിക്കാത്ത ഒരു വ്യക്തിക്ക് ജാമ്യം നൽകുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് എന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (നാല്) ജാമ്യം തള്ളിയത്.

Tags

Share this story

From Around the Web