മരണത്തിലേക്ക് നയിച്ചത് ഭർത്താവിൻ്റെ പീഡനം, ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും

കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. മരണത്തിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പീഡനമാണ് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഷൈനിയും മക്കളും വീട് വിട്ടിറങ്ങിയിട്ടും പിന്തുടർന്ന് ഉപദ്രവിച്ചു. മരിക്കുന്നതിന്‍റെ തലേന്ന് വരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. സംഭവം നടന്ന് 170-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
കേസിൽ രണ്ട് പേരുടേയും മൊബൈൽ ഫോണുകൾ അന്വേഷണസംഘം നിർണായക തെളിവായി എടുത്തിട്ടുണ്ട്. നാൽപ്പതോളം ശാസ്ത്രീയ തെളിവുകളും രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. ആകെ 56 സാക്ഷികളാണ് കേസിലുള്ളത്.
ഫെബ്രുവരി 28നാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും (11), ഇവാനയും (10) ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. പുലർച്ചെ 4.44 നാണു ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയത്. പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഇവർ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നാലെ ട്രെയിന് മുന്നിൽ ചാടി ജിവനൊടുക്കുകയായിരുന്നു. നിര്‍ത്താതെ ഹോണ്‍ മുഴക്കി വന്ന ട്രെയിനിന് മുന്നില്‍ നിന്നും മൂവരും മാറാന്‍ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് മൊഴി നൽകിയിരുന്നു.
തൊടുപുഴ സ്വദേശിയായ ഭര്‍ത്താവ് നോബി ലൂക്കോസുമായി വേര്‍പിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. നഴ്‌സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായതും, പിന്നീട് ജോലിക്ക് ശ്രമിച്ചിട്ട് കിട്ടാത്തതിലുള്ള മനോവിഷമവും അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു.