അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു
പട്‌ന: ആയുഷ് ഡോക്ടര്‍മാര്‍ക്കുള്ള നിയമനക്കത്തു വിതരണ ചടങ്ങിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് (മുഖാവരണം) വലിച്ചു താഴ്ത്തിയ മുസ്ലിം വനിതാ ഡോക്ടര്‍ ജോലി ഉപേക്ഷിക്കുന്നു. അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന നിലപാടിലാണ് ഡോ. നുസ്രത് പര്‍വീണ്‍. നിയമനക്കത്ത് പ്രകാരം ഈ മാസം 20 നു ജോലിയില്‍ ചേരണമെന്നിരിക്കയാണ് യുവഡോക്ടര്‍ പിന്‍മാറ്റത്തിന് മുതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസംബര്‍ 15 ന് ആയുഷ് ഡോക്ടര്‍മാര്‍ക്കുള്ള നിയമനക്കത്തു വിതരണ ചടങ്ങിനിടെയായിരുന്നു നിതീഷ് കുമാറിന്റെ അപ്രതീക്ഷിതമായ പെരുമാറ്റം ഉണ്ടായത്. ഡോക്ടര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനിടെ അവരുടെ ഹിജാബില്‍ പിടിച്ച് വലിക്കുകയായിരുന്നു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
നിതീഷ് കുമാറിന്റെ പ്രവൃത്തിക്ക് എതിരെ വ്യാപകമായ വിമര്‍ശമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്. നിതീഷ് കുമാറിന്റെ മനോനില തകരാറിലാണെന്നും മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുതെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. നിതീഷ് കുമാറിന്റെ പ്രവൃത്തി നീചമാണെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി. നിതീഷ് കുമാര്‍ ഹിജാബ് ഊരിയത് ജെഡിയു - ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണെന്ന് ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു.