വത്തിക്കാനിൽ പോപ്പിന് ഒരുദിവസമെത്തുന്ന കത്തുകൾ എത്രയെന്നോ? നൂറു കിലോ!

വത്തിക്കാൻ: രണ്ടുമാസം മുമ്പ് കത്തോലിക്കാ സഭയുടെ പരമോന്നതനായി നിയമിക്കപ്പെട്ട പോപ്പ് ലിയോ ഇത്രയും ജനപ്രിയനാണെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. ഡിജിറ്റൽ യുഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോപ്പിന് ദിവസേന വന്നെത്തുന്ന കത്തുകളെത്രയെന്നോ? എണ്ണിത്തിട്ടപ്പെടുത്താൻ ഒരു ദിവസം മതിയാവാത്ത അത്രയും. ഏതാണ്ട് നൂറുകിലോഗ്രാം കത്തുകൾ.
റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് പോപ്പായി തെരഞ്ഞെടുക്കപ്പെടുന്ന കാലത്ത് അദ്ദേഹം ലോകത്ത് അത്രയൊന്നും അറിയപ്പെടുന്ന ആത്മീയ നേതാവായിരുന്നില്ല. എന്നാൽ അദ്ദേഹത്തിനുവരുന്ന കത്തുകളുടെ എണ്ണം കണ്ട് വത്തിക്കാനിലുളളവർ പോലും ഞെട്ടുകയാണ്. ലോകത്ത് ദുഖമനുഭവിക്കുന്ന ധാരാളം പേർ തങ്ങൾക്കായി പ്രാർഥിക്കണമെന്നും ആശ്വാസം തരണമെന്നും ആവശ്യപ്പെട്ടാണ് കത്തുകളയക്കുന്നത്.
ആഴ്ചയിൽ അഞ്ഞൂറും അഞ്ഞൂറ്റിയമ്പതും കിലോ കത്തുകളാണ് ഇവിടെയെത്തുന്നത്. കൂട്ടത്തിൽ കുട്ടികൾ എഴുതുന്ന പോസ്റ്റ് കാർഡുകളുമുണ്ട് കിലോക്കണക്കിന്. ഡിജിറ്റൽ കാലത്ത് കത്തെഴുതാനുള്ള കുട്ടികളുടെ താൽപര്യവും എല്ലാവരെയും അത്ഭുതപ്പെടുത്തു.
ഇറ്റലിയിലെ പോസ്റ്റ് ഓഫിസിൽ കത്തുകൾ വളരെ ആദരവോടെ സോർട്ട് ചെയ്യുന്നു. ‘ഹിസ് ഹോളിനെസ്’ എന്ന അഡ്രസിലാണ് കത്തുകൾ പലതും എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കത്തുകൾ മഞ്ഞ കവറുകളിലാക്കി ആദ്യം റോമിലെ ഫിയൂമിസിനോ എയർപോർട്ടിലെത്തും. വൈവിധ്യമാർന്ന നിറങ്ങളിലുള്ള സ്റ്റാമ്പുകളൊട്ടിച്ച, സ്നേഹത്തിന്റെ ചിഹ്നം വരച്ചുവച്ചതുമൊക്കെയായ കത്തുകൾ അൻഡോറ, ബ്രസീൽ, കാമറൂൺ, ഹേങ്കോങ്, അമേരിക്ക അങ്ങനെ ലോകത്തെ ഏതു രാജ്യത്തിൽ നിന്നുമാകാം.
കത്തുകളുടെ എണ്ണം ഇങ്ങനെ വർധിച്ചതോടെ ഇത് സോർട്ട് ചെയ്യുന്നത് മെഷീനുകളാണ്. എത്തുന്ന അതേ ദിവസം തന്നെ 20 കിലോ മീറ്റർ അകലെയുള്ള വത്തിക്കാനിൽ എത്തിക്കും. ഇതുകൂടാതെ വത്തിക്കാൻ സന്ദർശിക്കാനെത്തുന്ന യാത്രികരും പോപ്പിന് കത്തെഴുതാറുണ്ട്. വത്തിക്കാൻ പോസ്റ്റ് ഓഫിസിൽ നിന്ന് കത്തയക്കാൻ സ്റ്റാമ്പ് വേണ്ട. പോപ്പിനോടുള്ള സന്ദേശം എഴുതി ഇവിടെ ഇടുകയേ വേണ്ടൂ. ഇവിടെ നിന്ന് ദിവസവും നാലു തവണ കത്തുകൾ ശേഖരിക്കും. ഒട്ടും താമസിയാതെ അത് എത്തേണ്ടയിടത്ത് എത്തുന്നുണ്ട്.