ചുങ്കം പിരിച്ചിരുന്ന ലേവി ‘ഈശോയുടെ മത്തായി’ ആയത് എങ്ങനെ?

‘എന്നെ അനുഗമിക്കുക’ എന്ന ഈശോയുടെ ഒറ്റവിളിയിൽ സർവതും ഉപേക്ഷിച്ച് ഈശോയ്‌ക്കൊപ്പം ചെന്ന ഒരു പിരിവുകാരൻ. അന്നുവരെ സമൂഹം അവഗണിച്ചിരുന്ന അവൻ അതുവരെ ഉണ്ടായിരുന്നതൊക്കെ ഉപേക്ഷിച്ച് പുതിയൊരു യാത്ര തുടങ്ങുകയായിരുന്നു, ആ നിമിഷം മുതൽ.
ഈശോയുടെ ശിഷ്യരിലൊരുവനും സുവിശേഷകനുമായ ലേവി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വി. മത്തായി ശ്ലീഹായുടെ തിരുനാൾ സെപ്റ്റംബർ 21 -നാണ് തിരുസഭ ആചരിക്കുന്നത്. പൗരസ്ത്യസഭയില്‍ ഈ വിശുദ്ധന്റെ തിരുനാൾ നവംബർ മാസം 16 -നാണ് ആഘോഷിക്കുന്നത്.
ബൈബിൾ വ്യാഖ്യാനമനുസരിച്ച് , മത്തായി കഫർണാമിൽ തന്റെ ചുങ്കസ്ഥലത്തിരിക്കുമ്പോളാണ് യേശു അദ്ദേഹത്തെ വിളിക്കുന്നതും തന്റെ ശിഷ്യഗണത്തിൽ ചേർക്കുന്നതും. ഹെറോദ് രാജാവിനുവേണ്ടി ഗലീലിയിൽ ചുങ്കംപിരിച്ചിരുന്ന ലേവി അങ്ങനെ മത്തായി ആയി മാറി. സമൂഹത്തിൽ അവഹേളനവും ഇഷ്ടക്കേടുമുണ്ടാക്കിയിരുന്ന ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്.
എന്നാൽ സമൂഹത്തിൽ അവഹേളിക്കപ്പെട്ടിരുന്ന പാപികളോടും ചുങ്കക്കാരോടുമൊപ്പം യേശു ഭക്ഷണംകഴിക്കുകയും അവരോടൊപ്പം ആയിരിക്കുകയും ചെയ്തിരുന്നു. ഇതിനെ വിമർശിച്ച ഫരിസേയരോടും നിയമജ്ഞരോടും യേശു പറഞ്ഞു: “ഞാൻ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല; പാപികളെ വിളിക്കാനാണ്.”
വി. മത്തായി, സുവിശേഷം എഴുതിയത് യഹൂദസമൂഹത്തിൽ നിന്നുകൊണ്ടാണ്. എന്നാൽ അദ്ദേഹം സുവിശേഷം പ്രഘോഷിച്ചത് പേർഷ്യൻ – എത്യോപ്യൻ സമൂഹത്തോടായിരുന്നു. അദ്ദേഹം രക്തസാക്ഷിത്വം വരിച്ചതാണോ അതോ സ്വാഭാവികമരണമാണോ എന്ന സംശയം ഇന്നും നിലനിൽക്കുന്നു. മത്തായി ശ്ലീഹായുടെ തിരുശേഷിപ്പ് ലഭിച്ചത് 1080 -ൽ ഇറ്റലിയിലെ സലേർനോയിൽ നിന്നാണ്. അദ്ദേഹത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്നത് മാലാഖയുടെ ചിത്രമാണ്.
കടപ്പാട് ലൈഫ് ഡേ