'സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍'; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍
കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് റിയാലിറ്റി ഷോ താരം അഖിൽ മാരാർ നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് വനിതാ ഡോക്ടർ രംഗത്ത്. പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളാണെന്ന അഖിൽ മാരാരുടെ പ്രസ്താവന പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിൽ മാരാർ വിവാദമായ അഭിപ്രായപ്രകടനം നടത്തിയത്. "പണ്ട് സ്ത്രീകൾ വളരെ എളുപ്പത്തിൽ ചെയ്തിരുന്ന ഒന്നായിരുന്നു പ്രസവം. ഗർഭിണിയായാൽ അതൊരു മാരക രോഗമാണെന്ന് മാതാപിതാക്കളും ആശുപത്രികളും ചേർന്ന് പെൺകുട്ടികളെ ഭയപ്പെടുത്തുകയാണ്. പ്രസവിച്ച ഉടൻ തന്നെ ജോലിക്ക് പോയിരുന്ന സ്ത്രീകളുടെ ചരിത്രം നമുക്കുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ആശുപത്രികൾ ഇതിനെ അനാവശ്യമായി കോംപ്ലിക്കേറ്റഡ് ആക്കുന്നു," എന്നായിരുന്നു മാരാരുടെ വാക്കുകൾ.
അഖിൽ മാരാരുടെ പരാമർശം ശാസ്ത്രീയമായ പ്രസവ പരിചരണങ്ങളെ അട്ടിമറിക്കുന്നതാണെന്ന് ഡോ. കെ. പ്രതിഭ പരാതിയിൽ പറയുന്നു. കേരള പൊതുജനാരോഗ്യ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകൻ എന്ന നിലയിൽ മാരാർ നടത്തുന്ന ഇത്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഗർഭകാല പരിചരണത്തിനായി ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുന്നതിൽ നിന്ന് സ്ത്രീകളെ പിന്നോട്ടടിക്കാൻ കാരണമാകും.
സുരക്ഷിത പ്രസവത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതികളെ അവഹേളിക്കുന്നതാണ് ഈ പ്രസ്താവന. 50 വർഷം മുൻപുള്ള സാഹചര്യങ്ങളുമായി ഇന്നത്തെ സ്ത്രീകളുടെ ആരോഗ്യത്തെ താരതമ്യം ചെയ്യുന്നത് അശാസ്ത്രീയമാണെന്നും മാതൃമരണ നിരക്ക് കുറയ്ക്കാനുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരിശ്രമങ്ങളെ ഇത് ബാധിക്കുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.
വീട്ടിലെ പ്രസവങ്ങൾക്കെതിരെയും സുരക്ഷിത പ്രസവത്തിന് വേണ്ടിയും ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തുന്ന ഡോക്ടറാണ് കെ. പ്രതിഭ. ആധുനിക ആരോഗ്യ സംവിധാനങ്ങൾക്ക് മേൽ അവിശ്വാസം വളർത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അഖിൽ മാരാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഡോക്ടർ നിയമനടപടിയുമായി മുന്നോട്ട് വന്നത്.