വിശുദ്ധ കുർബാന ക്രൈസ്തവ ജീവിതത്തിന്റെ ജീവനാഡി: ലെയോ പതിനാലാമൻ മാർപാപ്പ
ഞായറാഴ്ചകളിലെ ദിവ്യബലി ക്രിസ്തീയ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഏപ്രിൽ 12-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ റെജീന കേലി പ്രാർഥനയ്ക്ക് മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ.
ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നമ്മുടെ കൈകൾ പോലും, ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ കൈകളായി മാറുന്നുവെന്നും അത് കരുണയുടെയും സമാധാനത്തിന്റെയും സാക്ഷ്യമായി ലോകത്ത് പ്രവർത്തിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
ആഫ്രിക്കയിലേക്കുള്ള തന്റെ വരാനിരിക്കുന്ന യാത്രയെ പരാമർശിച്ചുകൊണ്ട്, ആദ്യകാല ആഫ്രിക്കൻ സഭയിലെ അബിറ്റീനിലെ രക്തസാക്ഷികളെ മാതൃകയായി പാപ്പ ഉയർത്തിക്കാട്ടി. കുർബാന അർപ്പണം ഉപേക്ഷിച്ചാൽ ജീവൻ രക്ഷിക്കാമെന്ന വാഗ്ദാനം നിരസിച്ചുകൊണ്ട്, “കർത്താവിന്റെ ദിനം ആഘോഷിക്കാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ല” എന്ന് പ്രഖ്യാപിച്ച അവരുടെ വിശ്വാസം ഇന്നത്തെ കാലഘട്ടത്തിലും പ്രസക്തമാണെന്ന് പാപ്പാ പറഞ്ഞു.
വിശ്വാസം എപ്പോഴും എളുപ്പമുള്ള ഒന്നല്ലെന്നും, അതിനാൽ ശിഷ്യന്മാർ ചെയ്തതുപോലെ എല്ലാ ഞായറാഴ്ചയും ഒരുമിച്ചുകൂടി ദിവ്യകാരുണ്യം ആഘോഷിക്കാൻ സഭ നമ്മെ ക്ഷണിക്കുന്നുവെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.