ചൈനയിൽ ചരിത്രപരമായ ആത്മീയ ധ്യാനം; 23 ബിഷപ്പുമാർ പങ്കെടുത്തു

 
222

ചൈനയിലെ കത്തോലിക്കാ സഭയുടെ ആത്മീയ ഉണർവ് ലക്ഷ്യമിട്ട് നടത്തിയ 2026-ലെ ആദ്യ ആത്മീയ ധ്യാനത്തിൽ വിവിധ പ്രവിശ്യകളിൽ നിന്നുള്ള 23 ബിഷപ്പുമാർ പങ്കെടുത്തു. ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ സെൻട്രൽ-സൗത്ത് ചൈന ഫിലോസഫി ആൻഡ് തിയോളജി സെമിനാരിയിൽ ഏപ്രിൽ 13 മുതൽ 18 വരെയായിരുന്നു ഈ കൂടിച്ചേരൽ. ഒമ്പത് പ്രവിശ്യകളിൽ നിന്നുള്ള ബിഷപ്പുമാരാണ് ‘കർത്താവുമായി കണ്ടുമുട്ടൽ; സിനഡൽ പാത’ എന്ന പ്രമേയത്തിൽ നടന്ന ധ്യാനത്തിൽ പങ്കുചേർന്നത്.

ചൈനയിലെ പ്രമുഖ കത്തോലിക്കാ സന്നദ്ധ സംഘടനയായ ജിൻഡെ ചാരിറ്റീസിന്റെ തലവനും പ്രശസ്തമായ ആശയവിനിമയ പ്ലാറ്റ്‌ഫോമായ Xinde.org ന്റെ സ്ഥാപകനുമായ ഫാ. ജുവാൻ ബൗട്ടിസ്റ്റ ഷാങ് ഷിജിയാങ്ങാണ് ധ്യാനചിന്തകൾക്ക് നേതൃത്വം നൽകിയത്. വി. പത്രോസ്, വി. യോഹന്നാൻ എന്നീ അപ്പോസ്തലന്മാരുടെ ജീവിത മാതൃകകൾ മുൻനിർത്തി, ആത്മീയ പക്വതയിലേക്കും കർത്താവുമായുള്ള ആഴമേറിയ ബന്ധത്തിലേക്കും വളരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ബിഷപ്പുമാരെ ഓർമ്മിപ്പിച്ചു.

ആത്മീയ ജീവിതത്തോടൊപ്പം തന്നെ അജപാലന ശുശ്രൂഷയിലെ സുതാര്യതയും അച്ചടക്കവും ധ്യാനത്തിൽ പ്രധാന ചർച്ചാവിഷയമായി. ഷാങ്ഹായ് ബിഷപ്പ് മോൺസിഞ്ഞോർ ജോസഫ് ഷെൻ ബിൻ നയിച്ച സമാപന ദിവ്യബലിയോടെയാണ് ആത്മീയ ധ്യാനം അവസാനിച്ചത്.

വത്തിക്കാൻ വാർത്താ ഏജൻസിയായ ഫിദസ് (Fides) ആണ് ഈ വാർത്ത പുറത്തുവിട്ടത്. ചൈനയിലെ കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികൾക്കിടയിൽ ബിഷപ്പുമാർ ഇത്തരത്തിൽ ഒത്തുചേരുന്നത് സഭയുടെ ഐക്യത്തിനും ഭാവി പ്രവർത്തനങ്ങൾക്കും വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags

Share this story

From Around the Web