വത്തിക്കാനിൽ ചരിത്ര നിമിഷം: പൊതു പ്രാർഥനയിൽ പങ്കെടുക്കാനൊരുങ്ങി ചാൾസ് രാജാവും ലെയോ പാപ്പയും

ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും ലെയോ പതിനാലാമൻ മാർപാപ്പയും ഒക്ടോബർ 23 – ന് വത്തിക്കാനിലെ പ്രശസ്തമായ സിസ്റ്റൈൻ ചാപ്പലിൽ സൃഷ്ടിയുടെ സംരക്ഷണത്തിനായി നടത്തുന്ന പൊതു പ്രാർഥനയിൽ പങ്കുചേരും.
ചരിത്രത്തിൽ ആദ്യമായാണ് പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിന് ശേഷം ഒരു ബ്രിട്ടീഷ് രാജാവും ഒരു മാർപാപ്പയും ഒരുമിച്ച് പൊതു പ്രാർഥനയിൽ പങ്കെടുക്കുന്നത്. ചാൾസ് രാജാവ് തന്റെ ഭാര്യ ക്വീൻ കമീലയോടൊപ്പം വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണ് ഇത്.
പ്രാർഥനാ ചടങ്ങിൽ സിസ്റ്റൈൻ ചാപ്പൽ ക്വയറിനൊപ്പം ഇംഗ്ലണ്ടിലെ സെന്റ് ജോർജ്സ് ചാപ്പൽ ക്വയറും രാജകീയ ചാപ്പൽ റോയൽ ക്വയറും പങ്കെടുക്കും. യോർക്കിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെലും പ്രാർഥനയിൽ പങ്കെടുക്കും.
അന്നേദിവസം തന്നെ റോമിലെ സെന്റ് പോൾസ് ബസിലിക്കയിൽ കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി ചാൾസ് രാജാവിന് റോയൽ കോൺഫ്രേറ്റർ എന്ന ബഹുമതി നൽകും. പാപ്പയുടെ അനുമതിയോടെയാണ് ഈ ബഹുമതി നൽകുന്നത്. സെന്റ് പോൾസ് ബസിലിക്കയിൽ രാജാവിനായി പ്രത്യേക കസേരയും ഒരുക്കിയിട്ടുണ്ട്. ആ കസേരയിൽ ബൈബിളിലെ ‘അവർ ഒന്നായിരിക്കും’ എന്ന വാക്യം അച്ചടിച്ചിട്ടുണ്ട്.
വി. ജോൺ ഹെൻറി ന്യൂമാൻ രചിച്ച ഗാനം ആലപിച്ച് പ്രാർഥന ചടങ്ങ് സമാപിക്കും.