ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം
ദില്ലി: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം തുടർന്ന് വിഎച്ച്പി, ബജ്‌രംഗ്ദൾ പ്രവർത്തകർ. അസമിലെ നൽബേരിയിൽ സെന്‍റ് മേരീസ് ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും നഗരത്തിൽ സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം ഉണ്ടായി. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിലായി.
സ്കൂൾ കാമ്പസിൽ അതിക്രമിച്ച് കയറി ക്രിസ്തുമസ് അലങ്കാരങ്ങൾ നശിപ്പിക്കുകയും ചില വസ്തുക്കൾ കത്തിക്കുകയും ചെയ്തുവെന്ന് സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയില്‍ പറയുന്നു.
ഇവര്‍ നടത്തിയ ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിന്നു. പുല്‍ക്കൂടും തീവ്രഹിന്ദുത്വവാദികള്‍ തകര്‍ത്തിരിന്നു. സംഭവസമയത്ത് "ജയ് ശ്രീറാം", "ജയ് ഹിന്ദു രാഷ്ട്ര", "ഭാരത് മാതാ കീ ജയ്" തുടങ്ങിയ മുദ്രാവാക്യങ്ങളും അക്രമികള്‍ വിളിച്ചിരിന്നു.
അതേസമയം, മധ്യപ്രദേശിൽ അതിക്രമം നടത്തിയ വനിത നേതാവിന് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി. കാഴ്ചപരിമിതിയുള്ള സ്ത്രീയെ പള്ളി പരിസരത്ത് കയറി അക്രമിക്കുകയായിരുന്നു ബിജെപി ജില്ല ഉപാധ്യക്ഷ. സംഭവത്തിൽ പോലീസ് ഇനിയും കേസെടുത്തിട്ടില്ല.