ഹിജാബ് വിലക്കിയ സംഭവം; ഭരണഘടന പരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ഹിജാബ് വിലക്കിയ സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കണ്ടെത്തിയതായി മന്ത്രി വി ശിവന്‍കുട്ടി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടല്‍ നടത്തി. സ്‌കൂള്‍ മാനേജ്‌മെന്റിനോട് പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭരണഘടന പരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. ഒരു വിദ്യാര്‍ത്ഥിയുടെ അവകാശം ലംഘിക്കപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങളെ സര്‍ക്കാര്‍ ചെയ്തിട്ടുള്ളൂ. ഒരു ചെറിയ പ്രശ്‌നം ഉണ്ടായാല്‍ പോലും സര്‍ക്കാര്‍ അതില്‍ ഇടപ്പെടും. കുട്ടിയോ രക്ഷിതാക്കളോ ശിരോവസ്ത്രം ധരിക്കുന്നില്ലെന്ന തീരുമാനമെടുക്കും വരെ അത് ധരിക്കാനുള്ള അവകാശം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടു ദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു.