സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; 21 മരണം, 25 പേർക്ക് പരിക്ക്

 
spain

മാഡ്രിഡ്: സ്പെയിനിലെ കോർഡോബയിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ 21 പേർ മരിച്ചു. ഇരുപത്തിയഞ്ചിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം വൈകുന്നേരം 7.45 ഓടെ അദാമുസ് പട്ടണത്തിന് സമീപമാണ് അപകടമുണ്ടായത്.

മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിൻ നിയന്ത്രണം വിട്ട് പാളം തെറ്റുകയും തൊട്ടടുത്ത ട്രാക്കിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇതാണ് എതിർദിശയിലുള്ള ട്രാക്കിലൂടെ വന്ന ട്രെയിനുമായി കൂട്ടിയിടിക്കാൻ കാരണമായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഒരു ബോഗി പൂർണമായും തകർന്നു. അപകട സമയത്ത് ഏകദേശം മുന്നൂറോളം യാത്രക്കാർ ട്രെയിനുകളിൽ ഉണ്ടായിരുന്നു.

തകർന്ന ബോഗികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയുണ്ട്.  അപകടത്തെ തുടർന്ന് മാഡ്രിഡിനും അൻഡലൂഷ്യയ്ക്കും ഇടയിലുള്ള അതിവേഗ റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. മാഡ്രിഡ്-കോർഡോബ റൂട്ടിലെ സർവീസുകൾ തിങ്കളാഴ്ച പൂർണമായും റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.

രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയയും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Tags

Share this story

From Around the Web