മുനമ്പം വിഷയത്തിൽ ഹൈബിയുടെ ആശങ്ക ഇപ്പോൾ ശരിയായി, ക്രിസ്തീയ സഭകളുടെ ഭാഗമായ ചിലരുടെ അമിതാഘോഷം ക്രൂരതയും മര്യാദകേടുമാണെന്ന് പറയാതെ വയ്യ -വി.ടി. ബൽറാം

മുനമ്പം പ്രശ്ന പരിഹാരത്തിന് വഖഫ് നിയമഭേദഗതി കൊണ്ട് മാത്രം ഗുണമുണ്ടാവില്ലെന്നും കോടതികൾ വഴി മാത്രമേ എന്തെങ്കിലും നടക്കൂ എന്നും കേന്ദ്രമന്ത്രി തന്നെ പറഞ്ഞതോടെ ഹൈബി ഈഡൻ എം.പി നേരത്തെ ഉന്നയിച്ച ഈ ആശങ്കകൾ ഇപ്പോൾ ശരിവയ്ക്കപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം.
‘പാർലമെന്റിൽ ബില്ലിന്റെ ചർച്ചാവേളയിൽ ഹൈബി ഈഡൻ എംപി കൃത്യമായി എടുത്തുചോദിച്ച കാര്യമാണിത്. ഹൈബിയുടെ ചോദ്യത്തിന് മറുപടി പറയാൻ സർക്കാർ ഭാഗത്തിന് അന്ന് കഴിഞ്ഞിരുന്നില്ല.
സഭക്ക് പുറത്തും ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടലിനും അധിക്ഷേപത്തിനും വിധേയനായ ജനപ്രതിനിധിയാണ് ഹൈബി ഈഡൻ. അദ്ദേഹത്തിന്റെ ആശങ്കകൾ ഇപ്പോൾ ശരിവയ്ക്കപ്പെട്ടിരിക്കുകയാണ്.
ട്രൈബ്യൂണലിൽ തീരേണ്ടിയിരുന്ന വിഷയം സാദാ സിവിൽക്കേസായി സുപ്രീം കോടതി വരെ വലിഞ്ഞുനീണ്ടാൽ അതിന്റെ ബുദ്ധിമുട്ട് മുനമ്പത്തെ സാധാരണക്കാർക്ക് തന്നെയായിരിക്കും.
വഖഫ് നിയമഭേദഗതിയുടെ ലക്ഷ്യം മുനമ്പം പ്രശ്നപരിഹാരമല്ല എന്നും അത് ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യങ്ങളുടെ മേലുള്ള കടന്നുകയറ്റങ്ങളുടെ ഭാഗമാണെന്നും സംഘ് പരിവാർ രാജ്യവ്യാപകമായി നടത്തി വരുന്ന ന്യൂനപക്ഷ വേട്ടയുടെ തുടർച്ചയാണെന്നും കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ടാണ് കോൺഗ്രസും ഇന്ത്യാ മുന്നണിയും ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചിരുന്നത്. ആ നിലപാടിന് ഇപ്പോൾ തിളക്കം വർദ്ധിച്ചിരിക്കുകയാണ്.
എന്തുതന്നെയായാലും വഖഫ് നിയമം പാർലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് ബിജെപി പാസാക്കിയ ദിവസം ക്രിസ്തീയ സഭകളുടെ ഭാഗമാണെന്ന് കരുതപ്പെടുന്ന ചിലർ നടത്തിയ അമിതാഘോഷം ഒരു വലിയ ക്രൂരതയും മര്യാദകേടുമായിപ്പോയി എന്ന് പറയാതെ വയ്യ. സഭാ നേതൃത്വത്തിലെ മിക്കവരുടേയും സഭാ വിശ്വാസികളിലെ മഹാഭൂരിപക്ഷത്തിന്റെയും പിന്തുണ ഇത്തരക്കാർക്കില്ല എന്ന് തന്നെയാണ് കാണാൻ സാധിക്കുന്നത്.
മറ്റൊരു ന്യൂനപക്ഷ സമുദായം വളരെ വൈകാരികമായിക്കാണുന്ന ഒരു വിഷയത്തിൽ അവരെ മനപൂർവ്വം വേദനിപ്പിക്കാനും ആക്രമിക്കാനും വേണ്ടി ഭൂരിപക്ഷ വർഗീയതയുടെ പ്രയോക്താക്കളായ ഭരണകൂടം കടന്നുവരുമ്പോൾ ആ ഭരണകൂടത്തിനൊപ്പം നിന്ന് കയ്യടിക്കുന്നതും പടക്കം പൊട്ടിക്കുന്നതും ഒരു നല്ല പ്രവണതയല്ല.
നാളെ നമുക്കും ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും അപ്പോൾ അതിനെ പ്രതിരോധിക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗക്കാരും നമുക്കൊപ്പം ഉണ്ടാവണമെന്നും തിരിച്ചറിയുന്ന ആർക്കും അങ്ങനെ മതിമറന്ന് തുള്ളിച്ചാടാൻ സാധാരണഗതിയിൽ കഴിയില്ല. സ്വതവേ സംഖ്യാബലം കുറവായ ന്യൂനപക്ഷങ്ങളിലെ വിവിധ വിഭാഗങ്ങൾ പരസ്പരം പോരടിക്കുക കൂടി ചെയ്താൽ ഭൂരിപക്ഷ വർഗീയതക്ക് കാര്യങ്ങൾ എളുപ്പമാവും.
ഒരു സാമൂഹിക/രാഷ്ട്രീയ പ്രശ്നവും പരിഹരിക്കുക എന്നത് ഒരിക്കലും സംഘ് പരിവാറിന്റെ ലക്ഷ്യമല്ല എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. ഒന്നിനുപുറകേ ഒന്നെന്ന നിലയിൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചതിന്റെയും കുത്തിത്തിരുപ്പുകൾ ഉണ്ടാക്കിയതിന്റെയും ചരിത്രമാണ് നൂറ് വർഷമായി അവർക്കുള്ളത്.
ഇത് മനസ്സിലാക്കി ഭാവിയിലെങ്കിലും ഇത്തരം "ചതി" പറ്റാതെ നോക്കാൻ കേരളത്തിലെ എല്ലാ വിഭാഗക്കാർക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു. നേരത്തേതന്നെ കേരളത്തിൽ ഉരുത്തിരിഞ്ഞുവന്ന സമവായത്തിന്റെ ചുവടുപിടിച്ച് മുനമ്പത്തെ സാധാരണക്കാരെ മുഴുവനായിത്തന്നെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു പ്രശ്നപരിഹാരം അടിയന്തരമായി ഉണ്ടാവണം. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അവരുടെ ഉത്തരവാദിത്തം നിർവ്വഹിക്കണം’ -ബൽറാം വ്യക്തമാക്കി.