മരോനൈറ്റ് പാത്രിയർക്കീസിനെതിരെ ഹിസ്ബുള്ള അനുകൂലികൾ ഡിജിറ്റൽ കാമ്പെയ്ൻ ആരംഭിച്ചതായി റിപ്പോർട്ട്
മരോനൈറ്റ് പാത്രിയർക്കീസിനെതിരെ ഹിസ്ബുള്ള അനുകൂലികൾ ഡിജിറ്റൽ കാമ്പെയ്ൻ ആരംഭിച്ചതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഹിസ്ബുള്ള അനുകൂലികൾ നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ ഉപയോഗിച്ച് അന്ത്യോക്യയിലെയും കിഴക്കൻ പ്രദേശങ്ങളിലെയും മരോനൈറ്റ് പാത്രിയർക്കീസ് കർദിനാൾ ബെച്ചാര ബൂട്രോസ് അൽ-റായിയെ ആക്രമിക്കുകയാണ്.
“അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയല്ല, മറിച്ച് ഭാഷയുടെയും മൂല്യങ്ങളുടെയും നിലവാരത്തിലെ ആശങ്കാജനകമായ തകർച്ച, ഉദ്ഭവമോ രൂപമോ പരിഗണിക്കാതെ ആർക്കും ലംഘിക്കാൻ അവകാശമില്ലാത്ത മനുഷ്യ അന്തസ്സിന്റെ ലംഘനം” എന്ന് പാത്രിയർക്കീസ് തനിക്ക് നേരിടേണ്ടി വന്ന ഡിജിറ്റൽ ആക്രമണത്തെ വിശേഷിപ്പിച്ചു.
“ഇത് വിഭാഗീയമായ ഭീഷണിയും പ്രകോപനവുമാണ്, ഇത് മനഃപൂർവമാണ്,” ലെബനൻ പൗര പ്രവർത്തകയും 2022 ലെ പാർലമെന്റ് സ്ഥാനാർഥിയുമായ ജോവെല്ലെ എം. ഹൊവെയെക് പറഞ്ഞു. പാത്രിയർക്കീസിനെ പരിഹസിക്കുന്നതും അപമാനിക്കുന്നതുമായ രീതിയിൽ ചിത്രീകരിക്കുന്ന പരിഷ്കരിച്ച ചിത്രങ്ങൾ പ്രചരിപ്പിച്ചതാണ് ഡിജിറ്റൽ ആക്രമണത്തിൽ ഉൾപ്പെട്ടിരുന്നത്.