സംസ്ഥാനത്ത് മഴ കനക്കുന്നു; മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും, ജാഗ്രതാ നിർദേശം

 
rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്.

വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ 8 മണിക്ക് ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴിക്കുമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. പെരിയാറിൻ്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കട്ടപ്പനയിലെ കുന്തളംപറയിൽ തോട് കരകവിഞ്ഞ് ഒഴുകിയതിനാൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

കുമളിയിൽ ശക്തമായ മഴയെ തുടർന്ന് തോട് കര കവിഞ്ഞു. ഒരു വീട്ടിൽ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം പൊങ്ങി. വണ്ടിപ്പെരിയാർ കക്കി കവല ആറ്റിൽ വെള്ളം പൊങ്ങി സമീപത്തെ വീടുകളിൽ വെള്ളം കയറി. ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. കല്ലാർ ഡാമിൻ്റെ അഞ്ച് ഷട്ടറുകൾ ഉയർത്തി.

Tags

Share this story

From Around the Web