ഡൽഹിയിൽ കനത്ത മഴ, പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും, ഇന്ത്യാ ഗേറ്റ്, ഇന്ദിരാഗാന്ധി വിമാനത്താവളം, മണ്ഡി ഹൗസ്, തുഗ്ലക്ക് റോഡ് തുടങ്ങി നഗരത്തിലെ മറ്റ് പ്രധാന ഭാഗങ്ങൾ വെള്ളത്തിനടിയിൽ
 

 
Rain kerala

ഡൽഹിയിൽ കനത്ത മഴ. തുടർച്ചയായ മഴ ദേശീയ തലസ്ഥാനത്തെ കഠിനമായ ചൂടിൽ നിന്നും ഉയർന്ന മലിനീകരണ തോതിൽ നിന്നും ആശ്വാസമേകുമ്പോൾ പ്രധാന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

ഇന്ത്യാ ഗേറ്റ്, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, മണ്ഡി ഹൗസ്, തുഗ്ലക്ക് റോഡ് തുടങ്ങി നഗരത്തിലെ മറ്റ് പ്രധാന ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. അയൽ പ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

ഡൽഹിയിൽ ഇടിമിന്നലോടുകൂടി മിതമായ മഴ  ഉണ്ടാകുമെന്ന് പ്രവചിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. രാവിലെ പെയ്ത കനത്ത മഴയും വെള്ളക്കെട്ടും വിവിധ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായി.

മഹാമായ മേൽപ്പാലത്തിന് താഴെയുള്ള റോഡ്, അംബേദ്കർ പാർക്കിന് സമീപമുള്ള റോഡ് തുടങ്ങിയവ ഇതിനകം വെള്ളത്തിനടിയിലാണ്. കനത്ത മഴയെ തുട‍ർന്ന് നഗരത്തിൽ സുഖകരമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

താപനില 28 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു, ഇത് കനത്ത ചൂടിൽ നിന്ന് ദേശീയതലസ്ഥാനത്ത് ആശ്വാസം നൽകുകയാണ്. വായു ഗുണനിലവാര സൂചികയും (AQI) നിലവിൽ തൃപ്തികരമായ നിലയിലാണ്.

ചൊവ്വാഴ്ച, സൗത്ത് ഡൽഹി, സൗത്ത് ഈസ്റ്റ് ഡൽഹി, സെൻട്രൽ ഡൽഹി, നാഷണൽ ഹൈവേ 8, ഡൽഹി-ജയ്പൂർ സ്ട്രെച്ച്, ഐടിഒ, എയിംസ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് മൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

ഡൽഹിയിലെ മൺസൂൺ മഴ സീസണൽ ശരാശരിയേക്കാൾ എട്ട് ശതമാനം കൂടുതലാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ സാധാരണ 217.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത്, ഇതുവരെ 234.6 മില്ലിമീറ്റർ മഴ ലഭിച്ചതായി ഐഎംഡി ഡാറ്റ വെളിപ്പെടുത്തി.

Tags

Share this story

From Around the Web