സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, മണിക്കൂറിൽ 40 കി.മീ വേഗതയിൽ കാറ്റടിച്ചേക്കും, തീരദേശത്ത് കടലാക്രമണ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ വിശകലന പ്രകാരം മധ്യകേരളത്തിൽ മഴ ശക്തമായേക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇടവിട്ടുള്ള കനത്ത മഴയ്ക്കാണ് സാധ്യത. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കേരള, കന്യാകുമാരി തീരങ്ങളിൽ ‘കള്ളക്കടൽ’ പ്രതിഭാസത്തെത്തുടർന്ന് വരും മണിക്കൂറുകളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. നാളെ രാത്രി 11.30 വരെ തീരത്ത് 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിച്ചുയരാൻ സാധ്യതയുണ്ട്. ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള ശക്തമായ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയേക്കാം.
കടലാക്രമണ ഭീഷണിയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ശക്തമായ തിരമാലകളിൽ പെട്ട് വള്ളങ്ങളും ബോട്ട് ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളും തകരാൻ സാധ്യതയുള്ളതിനാൽ ഇവ സുരക്ഷിതമായി കെട്ടിയിടണം. ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.