വെന്തുരുകി കേരളം, നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട്; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ജില്ലയില്‍ ഉയര്‍ന്ന താപനില 40 °C വരെ ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ 39 °C വരെയും കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 °C വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നാണ് പ്രവചനം. തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും താപനില ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സാധാരണയേക്കാള്‍ 3 മുതല്‍ 4°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, വെള്ളിയാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.