വെന്തുരുകി കേരളം, മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി തുടരുന്നതിനിടെ മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് തീവ്രമായ ചൂട് കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. സാധാരണ താപനിലയേക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ 41 °C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും താപനില ഉയർന്നേക്കാം. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 °C വരെയും താപനില ഉയരാനിടയുണ്ട്. തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉഷ്ണതരംഗ മുന്നറിയിപ്പിനെത്തുടർന്ന് കൊല്ലം, തൃശൂർ ജില്ലകളിലെ അങ്കണവാടികൾ, സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, സമ്മർ ക്ലാസുകൾ എന്നിവയ്ക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/ബോർഡ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ആവശ്യമെങ്കിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്.
കേരളത്തിൽ ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്യുന്നത് അപൂർവ്വമാണ്. ഇതിനുമുമ്പ് 2016-ലും 2024-ലുമാണ് സംസ്ഥാനത്ത് ഈ സാഹചര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മാസം 26 വരെ സംസ്ഥാനത്തെ 12 ജില്ലകളിലും ശരാശരിയേക്കാൾ ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
കൊടും ചൂടിൽ വെന്തുരുകുന്ന മലയാളിക്ക് ആശ്വാസവാർത്തയുമായി വേനൽമഴയുടെ പ്രവചനവുമുണ്ട്. ഏപ്രിൽ 27 മുതൽ സംസ്ഥാനത്ത് വേനൽമഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മെച്ചപ്പെട്ട മഴ ലഭിക്കുമെന്നും ഇത് ചൂട് കുറയ്ക്കാൻ സഹായിക്കുമെന്നും കരുതപ്പെടുന്നു.