'ഓന് സ്വന്തം കുടുംബത്തെ ഓര്‍ക്കാമായിരുന്നു, വീട്ടിലാരുമില്ലെന്ന് അറിഞ്ഞ് തന്നെ വന്നതാകും'; സിപിഎം കൗൺസിലർ മാലപൊട്ടിച്ച ജാനകി

കഴിഞ്ഞ ദിവസമാണ് കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സിപിഎം സിപിഎം കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തത്.കണിയാർകുന്ന് സ്വദേശിയായ ജാനകിയുടെ മാലയാണ് നാലാം വാർഡ് കൗൺസിലർ പി.പി രാജേഷ് പിടിച്ചുപറിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്.
അടുക്കളയില്‍ മീന്‍ വെട്ടുന്ന സമയത്താണ് പ്രതി പെട്ടന്ന് കയറിവന്നത് കഴുത്തില്‍ പിടിക്കുകയായിരുന്നെന്ന് ജാനകി മീഡിയവണിനോട് പറഞ്ഞു. മാല പൊട്ടിച്ച് പെട്ടന്ന് തന്നെ ഓടിക്കളഞ്ഞു. എന്‍റെ കാലിന് വയ്യാത്തതുകൊണ്ട് അയാളുടെ പിന്നാലെ ഓടാന്‍ പറ്റില്ല.ഞാന്‍ ഉറക്കെ നിലവിളിച്ചു. എന്‍റെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. അപ്പോഴേക്കും കള്ളന്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു..ജാനകി പറഞ്ഞു.
പ്രതിയായ രാജേഷിനെ നേരിട്ട് കണ്ടിട്ടില്ലെന്നും ജാനകി പറയുന്നു. 'എന്‍റെ കണ്ണിന് കാഴ്ച കുറവാണ്. വീടിന്‍റെ മുന്നിലെ സ്കൂളിലേക്ക് മക്കളെ കൊണ്ടുപോകാന്‍ വരാറുണ്ട്. മകനും ഭാര്യക്കുമെല്ലാം രാജേഷിനെ അറിയാം.എല്ലാവരും രാവിലെ ജോലിക്ക് പോയാല്‍ ഞാന്‍ തനിച്ചാണ്.
വീട്ടില്‍ ആരുമില്ലാന്ന് അറിയാമായിരിക്കും.അതുകൊണ്ടാവും മോഷണം നടത്തിയത്. എന്നാലും രാജേഷ് സ്വന്തം കുടുംബം ഓര്‍ക്കണമായിരുന്നു.സ്വന്തം ഭാര്യയുടേയും അമ്മയുടെയും മാല ഇതുപോലെ പോയിട്ടുണ്ടെന്ന് ആലോചിച്ചാല്‍ മതി'. ജാനകി പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പിറകിലൂടെ വന്ന് കഴുത്തിൽ പിടിച്ച ശേഷം ഒരു പവനോളം തൂക്കം വരുന്ന മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷണം നിലത്ത് പൊട്ടിവീഴുകയും ചെയ്തു. ജാനകിയുടെ നിലവിളി കേട്ട് ബന്ധുക്കളും അയൽവാസികളും സ്ഥലത്തെത്തിയതോടെ ഇയാൾ ഓടിരക്ഷപെടുകയായിരുന്നു. പാന്റും ഷർട്ടും ഹെൽമറ്റും ധരിച്ചിരുന്നു എന്നത് മാത്രമായിരുന്നു ആകെയുണ്ടായിരുന്ന വിവരം. കവർച്ചയ്ക്ക് ശേഷം ബൈക്കിലാണ് രക്ഷപെട്ടതെന്നും വയോധിക പറഞ്ഞിരുന്നു.