ദൈവത്തിനും മനുഷ്യർക്കുമായി ആലയങ്ങൾ പണികഴിപ്പിച്ച ഫാ. സുക്കോൾ തന്റെ പേര് എവിടെയും കുത്തിവെച്ചില്ല
“അതുമിതുമൊക്കെ വിറ്റ് ഉപജീവനം നടത്തുന്ന പ്രായംചെന്ന ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാൾ ഒരു മണ്ടനെപോലെയായിരുന്നു. കാരണം, ആളുകൾ പലപ്പോഴും കള്ളനാണയം ആണ് കൊടുക്കുക. ഒരക്ഷരം ഉരിയാടാതെ അദ്ദേഹം അത് സ്വീകരിക്കും. ചിലർ പണം കൊടുക്കാതെ കൊടുത്തെന്ന് പറയും. അതും അദ്ദേഹം സമ്മതിക്കും.
മരണസമയം അടുത്തപ്പോൾ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തി അയാൾ ഇങ്ങനെ പ്രാർത്ഥിച്ചു. കരുണാനിധിയായ ദൈവമേ ആളുകളിൽ നിന്ന് പലപ്പോഴും ഞാൻ കള്ളനാണയം സ്വീകരിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ഞാൻ അവരെ ഹൃദയത്തിൽ വിധിച്ചിട്ടില്ല. തങ്ങൾ ചെയ്യുന്നതെന്തെന്ന് അവർക്കറിയില്ലായിരുന്നു. ഞാനും എടുക്കാത്ത നാണയമാണ്, എന്നെ വിധിക്കരുതെ. അപ്പോൾ ഒരു അശരീരി ഉണ്ടായി. മറ്റുള്ളവരെ വിധിക്കാത്ത ഒരുവനെ എനിക്കെങ്ങനെ വിധിക്കാൻ കഴിയും!”
ചുവന്ന് തുടുത്ത മുഖവും വെള്ളിത്തലമുടിയും താടിയുമുള്ള കാവിക്കുപ്പായക്കാരൻ ലീനസ് മരിയ സുക്കോൾ എന്ന ഇറ്റാലിയൻ ജെസ്യുട്ട് മിഷനറി വൈദികനെ അടയാളപ്പെടുത്താൻ ഇതിലും മികച്ച ഉപമയുണ്ടാവില്ല.
പദവികൾ നേടാനുള്ള ആവേശം കാണിക്കാതെയും അതിനായി തന്റെ നിലപാടുകളെ ബലിയർപ്പിക്കാതെയുമാണ് അദ്ദേഹം ജീവിച്ചത്. സഹായമഭ്യർത്ഥിച്ച് കാത്തുനിൽക്കുന്നവരുടെ മുൻപിൽ ഔദാര്യത്തിന്റെ പെരുമ്പറ മുഴക്കി അവരുടെ ആത്മാഭിമാനത്തെ ഒരിക്കൽ പോലും സുക്കോളച്ചൻ വേദനിപ്പിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകളിൽ ആത്മപ്രശംസയോ അഹങ്കാരമോ ഉണ്ടായില്ല.
“To live life by denying life”- സമൃദ്ധമായി കഴിയാനുള്ള ജീവിത സാഹചര്യമുണ്ടായിട്ടും അതെല്ലാം വിട്ടെറിഞ്ഞ് സർവ്വസംഗ പരിത്യാഗിയായി ഒരു സാധാരണക്കാരനെപ്പോലെ ജനക്കൂട്ടത്തിൽ അലിഞ്ഞു ജീവിക്കുക എന്നത് അസാധാരണമാം വിധം സാധാരണത്വം നിറഞ്ഞു നിൽക്കുന്ന സുക്കോളച്ചന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നതാണ്.
2006 ൽ സുക്കോളച്ചന്റെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കുകയുണ്ടായി. പത്രത്തിൽ അച്ചടിക്കാൻ മാത്രം മികച്ച ഫോട്ടോ കണ്ടെത്താനായി പരിശ്രമിച്ചെങ്കിലും അങ്ങനെ ഒരു ഫോട്ടോ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ഫോട്ടോഗ്രാഫറുടെ സഹായത്തോടെ സുക്കോളച്ചന്റെ ഒരു ചിത്രം എടുത്തു. ഊന്നുവടി കുത്തിപ്പിടിച്ച് തലയിൽ തൊപ്പി ധരിച്ച് നിൽക്കുന്ന സുക്കോളച്ചന്റെ പ്രശ്‌സ്തമായ ചിത്രം ദീപികയുടെ അന്നത്തെ മുഖചിത്രമായിരുന്നു.
നൂറുകണക്കിന് ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുകയും പതിനായിരക്കണക്കിനാളുകൾക്ക് വിദ്യാഭ്യാസം നൽകുകയും ചെയ്ത സുക്കോളച്ചന്റെ മുഖം ഒറ്റനോട്ടത്തിൽ ആളുകൾ ഓർമ്മിക്കത്തക്കവിധം ആളുകളുടെ മനസ്സിൽ അടയാളപ്പെടുത്താനായി മാധ്യമ ബന്ധങ്ങളോ ഡിപ്ലോമാറ്റിക് ശൈലിയോ അദ്ദേഹം ഉണ്ടാക്കിയെടുത്തില്ല.
ദൈവത്തിനും മനുഷ്യർക്കുമായി ആലയങ്ങൾ പണികഴിപ്പിച്ച ഫാ. സുക്കോൾ തന്റെ പേര് എവിടെയും കുത്തിവെച്ചില്ല. എന്നാൽ അദ്ദേഹത്തെ കണ്ടുമുട്ടിയവരുടെ ഹൃദയങ്ങളിൽ ആ പേര് മായാതെ നിൽക്കുന്നു. തന്റെ ചുറ്റിലുമുള്ള പാവപെട്ടവരിൽ ക്രിസ്തുവിനെ കണ്ട് മുട്ടിയ സുക്കോളച്ചൻ തീർച്ചയായും ആത്മീയ മണ്ഡലത്തിലെ ഒരപൂർവ്വ വ്യക്തിത്വമായിരുന്നു.
മരണത്തിനപ്പുറം ഒരു ദശാബ്ദത്തിനുള്ളിൽ അദ്ദേഹം ദൈവദാസൻ എന്ന പദവിയിലേക്ക് ഉയർത്തപെടുമ്പോൾ സുക്കോളച്ചനെ അടുത്തറിയാവുന്നവർക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്.
Prince Augustine Nellariyil