വിദ്വേഷത്തെ സ്നേഹം കൊണ്ട് കീഴടക്കാം: ഈസ്റ്റർ വിജിൽ സന്ദേശത്തിൽ ലെയോ പതിനാലാമൻ പാപ്പ
ലോകത്തെ വിഴുങ്ങുന്ന വിദ്വേഷത്തിന്റെയും ഭയത്തിന്റെയും ഇരുട്ടിനെ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ പ്രകാശം കൊണ്ട് കീഴടക്കാൻ ലിയോ പതിനാലാമൻ മാർപാപ്പ ഈസ്റ്റർ വിജിൽ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ വിജിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു പാപ്പ.
മനുഷ്യഹൃദയങ്ങളെ തളച്ചിടുന്ന പാപത്തിന്റെയും സ്വാർത്ഥതയുടെയും കല്ലുകൾ ഉരുട്ടിമാറ്റാൻ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന് സാധിക്കുമെന്ന് മാർപാപ്പ പറഞ്ഞു. “വിദ്വേഷം എന്നത് ശക്തമായ ഒരു പാപമാണ്, എന്നാൽ അതിനേക്കാൾ ശക്തമാണ് ദൈവത്തിന്റെ സ്നേഹം. ലോകത്ത് നിലനിൽക്കുന്ന യുദ്ധങ്ങളും അനീതികളും നമ്മെ നിരാശരാക്കുമ്പോഴും പ്രത്യാശ കൈവിടരുത്,” പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ കവാടത്തിൽ ഈസ്റ്റർ ദീപം തെളിച്ചുകൊണ്ടാണ് ശുശ്രൂഷകൾ ആരംഭിച്ചത്. ബസിലിക്കയിലെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് വിശ്വാസികൾ കൈകളിലേന്തിയ മെഴുകുതിരികളിൽ നിന്ന് പ്രകാശം പടർന്നത് ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായി. തുടർന്നുള്ള വചനശുശ്രൂഷയിൽ രക്ഷാകര ചരിത്രത്തിലെ വിവിധ ഘട്ടങ്ങൾ അനുസ്മരിക്കപ്പെട്ടു.