ഹാരിസിൻ്റെ വെളിപ്പെടുത്തൽ പരിധി വിട്ടു, മെഡിക്കൽ കോളേജ് ആശുപത്രിയെ പറ്റിയുള്ള വെളിപ്പെടുത്തലിൽ വിദഗ്ധ സമിതി റിപ്പോർട്ട്, ഡോ. ഹാരിസിൽ നിന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി വിശദീകരണം തേടും

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയെ പറ്റിയുള്ള ഡോ. സി. എച്ച്. ഹാരിസിന്‍റെ വെളിപ്പെടുത്തൽ പരിധി വിട്ടതെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള നടപടിക്ക് ശുപാർശയില്ല. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡോ. ഹാരിസിൽ നിന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി വിശദീകരണം തേടും.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ സി.എച്ച്. ഹാരിസിന്‍റെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ സർക്കാരിനെ വെട്ടിലാക്കിയിരുന്നു. തെളിവുകൾ നിരത്തിയായിരുന്നു ഡോക്ടർ ഹാരിസ് പരസ്യ പ്രതികരണം നടത്തിയത്.
സിസ്റ്റത്തിന്റെ പ്രശ്നമാണ് എല്ലാം എന്ന് ആരോഗ്യ മന്ത്രി പ്രതികരിച്ചെങ്കിലും ഡോക്ടർ ഹാരിസിനെ തള്ളിപ്പറയാൻ ആകാത്തത് തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രി ഡോക്ടർ ഹാരിസിനെ രൂക്ഷമായി വിമർശിച്ചെങ്കിലും നടപടികളിലേക്ക് കടന്നിരുന്നില്ല.
പിന്നീട് വിദഗ്ധസമിതിയുടെ അന്വേഷണത്തിൽ ഡോ. ഹാരിസ് പറഞ്ഞ കാര്യങ്ങൾ വാസ്തവമാണെന്ന് കണ്ടെത്തിയിരുന്നു. എങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഡോക്ടർ ഹാരിസിന് വീഴ്ച പറ്റി എന്നാണ് അന്തിമ റിപ്പോർട്ട്.